നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവ്, 10000 രൂപ പിഴ; സര്‍ക്കാരിന് കൂടുതല്‍ അധികാരം, ഓര്‍ഡിനന്‍സ് ഇറക്കും

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം
നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവ്, 10000 രൂപ പിഴ; സര്‍ക്കാരിന് കൂടുതല്‍ അധികാരം, ഓര്‍ഡിനന്‍സ് ഇറക്കും

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്‌സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വര്‍ക്ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പൊലീസിന് നേരിട്ട് കേസെടുക്കാം.

കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളുംഎട്ട് വിഭാഗം മരുന്നുകളും ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളില്‍ നിന്ന് കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ഇളവ് നല്‍കാനും തീരുമാനിച്ചു.

1.2020ലെ കേരള കര്‍ഷക തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2.2020ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്, 3.2020ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ഓര്‍ഡിനന്‍സ്, 4.2020ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്, 5.2020ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 6.2020ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്, 7.2020ലെ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, 8.2020ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്റ് ടെക്‌നോളജി ഓര്‍ഡിനന്‍സ് എന്നീ എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com