പാലക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തു ; കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്‍ നിരീക്ഷണത്തില്‍ ; യാത്രക്കാര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ 

പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു
പാലക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തു ; കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്‍ നിരീക്ഷണത്തില്‍ ; യാത്രക്കാര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ 

പാലക്കാട് : ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീൻ നിർദേശം ലംഘിച്ചതിനാണ് കോസെടുത്തത്. അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു. മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. 

ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്. 

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കയറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com