ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

'യുദ്ധത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം വരുന്നതേയുള്ളൂ; അന്ന് നമ്മളെ പരിശോധിക്കാന്‍ പൊലീസോ, വെട്ടിക്കാന്‍ വിരുതന്മാരോ ഉണ്ടാകില്ല'

ലോക് ഡൗണ്‍ മൂന്നാം ദിവസമാകുമ്പോള്‍ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്.

റോഡിലിറങ്ങുന്ന കൊലയാളികള്‍...

ലോക് ഡൗണ്‍ മൂന്നാം ദിവസമാകുമ്പോള്‍ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്. നല്ല കാര്യം.കുറച്ചു പേര്‍ ഇപ്പോഴും ഇത് പോലീസുമായുള്ള ഒളിച്ചുകളിയായിട്ടാണ് കാണുന്നത്. പോലീസ് വരാന്‍ സാധ്യതയില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുക, പോലീസിനെ കണ്ടാല്‍ എന്തെങ്കിലും നുണപറഞ്ഞു രക്ഷപ്പെടുക, തട്ടിക്കയറുക, തല്ലുണ്ടാക്കുക.

'കര്‍ത്താവെ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല' എന്ന് പ്രയോഗം ഉപയോഗിക്കാന്‍ ഇതിലും പറ്റിയ അവസരമില്ല. പക്ഷെ 'ഇവരോട് പൊറുക്കാന്‍' ഒരു സാധ്യതയുമില്ല.

കാരണം,

1. പല തലമുറകളില്‍ ഒരിക്കല്‍ മാത്രം സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയെയാണ് ലോകം ഇന്ന് നേരിടുന്നത്. സര്‍ക്കാരും സമൂഹവും ഒന്നിച്ചു നിന്നാല്‍ ഈ യുദ്ധം ജയിക്കാന്‍ ചെറിയ സാധ്യതയെങ്കിലും ഉണ്ട്. ആ സാധ്യതയാണ് ഇത്തരം 'മിടുക്കന്മാര്‍' ഇല്ലാതാക്കിക്കളയുന്നത്.

2. ഉത്തരവാദിത്തമില്ലാതെ ആളുകള്‍ (കുറച്ചാളുകള്‍ ആണെങ്കില്‍ പോലും) പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും സമൂഹ വ്യാപനം എന്നുള്ള ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കും. ആ സ്‌റ്റേജില്‍ കേരളത്തില്‍ എത്ര ആളുകള്‍ രോഗബാധിതരായി എന്നല്ല, ഇനി എത്ര കോടി ആളുകള്‍ക്ക് രോഗം ഉണ്ടാകും എത്ര ലക്ഷം പേര്‍ മരിക്കും എന്നായിരിക്കും നമ്മള്‍ ചിന്തിക്കേണ്ടിവരുന്നത്. നമ്മള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി അംഗീകരിച്ചു സഹകരിച്ചില്ലെങ്കില്‍ ആ സാഹചര്യത്തിലേക്ക് എത്താന്‍ ആഴ്ചകള്‍ മതി.

3. കേരളത്തില്‍ ആളുകള്‍ നിരാശയിലും തീരാദുഃഖത്തിലും ആകാന്‍ ഒരുകോടി കേസുകള്‍ ഒന്നും വേണ്ട, ഒരു ലക്ഷം മതി. കേരളത്തില്‍ ലഭ്യമായ ആരോഗ്യ സംവിധാനങ്ങള്‍ക്ക് (ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഐ സി യു) അപ്പുറം രോഗങ്ങളുടെ എണ്ണം കടന്നാല്‍ പിന്നെ വീട്ടിലും റോഡിലും കിടന്ന് രോഗികള്‍ വായു വലിക്കുന്ന സമയം ഉണ്ടാകും. അന്ന് നമ്മളെ പരിശോധിക്കാന്‍ പൊലീസോ പോലീസിനെ വെട്ടിക്കാന്‍ വിരുതന്മാരോ ഉണ്ടാകില്ല. ഇതൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തതല്ല. ആളോഹരി കേരളത്തിന്റെ നൂറു മടങ്ങ് ആരോഗ്യ സംവിധാനമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും എല്ലവര്‍ക്കും വേണ്ട ശരിയായ ചികിത്സ നല്‍കാന്‍ അവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്ന് മനസിലാക്കുക.

4. നമ്മുട സര്‍ക്കാരിനും പോലീസിനും ധാരാളം പണിയുള്ള കാലമാണ്. വൈറസ് ബാധിതരുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ നിറുത്തുക എന്ന ഉത്തരവാദിത്തം ഒരു വശത്ത്. ലോക്ക്‌ഡൌണ്‍ ആയിരിക്കുന്ന കാലത്ത് ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന ജോലി മറുവശത്ത്. വരാനിരിക്കുന്ന സാധ്യമായ ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട ഉത്തരവാദിത്തം വേറെ. ഇതിനിടയില്‍ നിര്‍ദ്ദേശങ്ങള്‍ അറിയാതെയും മനസ്സിലാക്കാതെയും വഴിയിലിറങ്ങി മിടുക്കു കാണിക്കുന്നവരെ നിയന്ത്രിക്കേണ്ടി വരുന്നത് എത്ര നിര്‍ഭാഗ്യകരമാണ്.

5. ഞാന്‍ ഒരിക്കല്‍ പറഞ്ഞതാണ്, ഒരിക്കല്‍ കൂടി പറയാം. ഈ ലോക്ക് ഡൗണ്‍ നമ്മുടെ അവസാനത്തെ ചാന്‍സ് ആണ്. ഇതിനോട് സമൂഹം പൂര്‍ണ്ണമായി സഹകരിച്ചാല്‍ മാത്രമേ വൈറസ് ബാധിതരുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കകത്ത് നിര്‍ത്താന്‍ ഒരു സാധ്യതെയെങ്കിലും ഉള്ളൂ. അപ്പോള്‍ സഹകരണം സ്വമനസ്സോടെയും കാര്യങ്ങള്‍ മനസ്സിലാക്കിയും സമ്പൂര്‍ണ്ണവും ആയിരിക്കണം. സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടില്ലാത്ത കാര്യങ്ങളെല്ലാം ചെയ്യാം എന്നല്ല, നിയന്ത്രിച്ചവ തീര്‍ച്ചയായും ചെയ്യില്ല, നിയന്ത്രണമില്ലാത്തവ തന്നെ ആവശ്യമെങ്കില്‍ മാത്രം ചെയ്യും എന്നതായിരിക്കണം നമ്മുടെ രീതി.

6. ഉദാഹരണത്തിന് അത്യാവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ പോകാന്‍ നമുക്ക് നിയന്ത്രണമില്ല. അപ്പോള്‍ വേണമെങ്കില്‍ ഭഷ്യവസ്തുക്കള്‍ വാങ്ങാനാണെന്ന പേരില്‍ എന്നും പുറത്തിറങ്ങാം. അല്ലെങ്കില്‍ പതിവ് പോലെ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വസ്തുക്കള്‍ മാത്രം വാങ്ങി ഇടക്കിടക്ക് പുറത്തിറങ്ങാം. ഇത് രണ്ടും തെറ്റാണ്. നമ്മള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുക. പറ്റുന്നവര്‍ ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വാങ്ങുക. നമ്മള്‍ എന്തിന് പോകുന്നു, എത്ര അത്യാവശ്യമായി പോകുന്നു എന്നതൊന്നും വൈറസിനെ ബാധിക്കുന്ന കാര്യമല്ല. മറ്റുള്ളവരുമായി കൂട്ടിമുട്ടുന്ന ഓരോ സ്ഥലവും നമ്മെ വൈറസ് ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു. യാത്രകളും കൂട്ടിമുട്ടലും എത്ര കുറക്കുന്നോ അത്രയും വിജയ സാധ്യത കൂടുന്നു.

7. ഇതൊക്കെ പലരും പലവട്ടം പറഞ്ഞതാണ്. എന്നിട്ടും അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ അവരുടെ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ മൊത്തം ആരോഗ്യം കുഴപ്പത്തിലാക്കുന്നവരാണ്. അവര്‍ അങ്ങനെ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നാളെ കേരളത്തില്‍ പതിനായിരങ്ങള്‍ ഈ രോഗം കൊണ്ട് മരിച്ചാല്‍ അവരുടെ രക്തം പുരണ്ടിരിക്കുന്നത് ഇപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് വെറുതെ പുറത്തിറങ്ങുന്ന ഈ മഹാന്മാരിലായിരിക്കും. ഇന്നവര്‍ വെറും സാമൂഹ്യ ദ്രോഹികളാണ്, നാളെ അവര്‍ കൊലയാളികളാകും. അത് അവര്‍ക്കും സമൂഹത്തിനും മനസ്സിലാവുന്്‌പോഴേക്കും കാര്യങ്ങള്‍ അവരുടെയും പോലീസിന്റെയും കൈവിട്ടു പോയിരിക്കും. (കേരളത്തിനേക്കാള്‍ പത്തിരട്ടി ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണങ്ങള്‍ ആയിരങ്ങളില്‍ എത്തി, അപ്പോള്‍ കേരളത്തില്‍ പതിനായിരങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതല്ല).

8. മഴ വന്നാലും മന്ത്രി വന്നാലും സമയവും കാലവും നോക്കാതെ ഡ്യൂട്ടിയും ഓവര്‍ടൈമും ചെയ്യുന്നവരാണ് നമ്മുടെ പോലീസുകാര്‍. ഇപ്പോള്‍ ഈ കൊറോണയുദ്ധത്തിന്റെ മുന്നിലും അവരുണ്ട്. ഇത്തവണ പക്ഷെ അവരുടെ ആരോഗ്യവും ജീവനും പണയപ്പെടുത്തിയാണ് അവര്‍ ഈ ജോലി ചെയ്യുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവരെക്കൊണ്ട് ഈ സാഹചര്യത്തില്‍ ലാത്തി കയ്യിലെടുപ്പിക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ പരാജയമാണ്.

9. ഓരോ വീട്ടിലും പുറത്തിറങ്ങാന്‍ പോകുന്ന ആളുകളോട് വീട്ടുകാര്‍ തന്നെ ഇക്കാര്യം പറയണം. ഇല്ലെങ്കില്‍ നാട്ടുകാര്‍ പറയണം. അവരെ പോലീസ് പിടിക്കുന്നതോ അടി കൊള്ളുന്നതോ രണ്ടു വര്‍ഷം ജയിലില്‍ പോകേണ്ടി വന്നേക്കാവുന്നതോ ഒന്നുമല്ല പ്രശ്‌നം. അവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം നമ്മുട സമൂഹത്തില്‍ ഒരു കൂട്ടക്കുരുതി ഉണ്ടാക്കും എന്നതാണ്.

10. ഇനിയിതൊക്കെ പറയാന്‍ അധികം സമയമില്ല. കൊറോണയുടെ കേന്ദ്രം നമ്മുടെ നേരെ വരികയാണ്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജീവന്‍ പണയംവെച്ച് ആ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അവര്‍ക്ക് പിന്തുണ നല്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നു. മരണം ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും മാറി നമ്മുടെ തൊട്ടടുത്തെത്തുന്‌പോള്‍ വീടിന് പുറത്ത് പോയിട്ട് വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് പോലും ഈ സാമൂഹ്യദ്രോഹികള്‍ പുറത്തിറങ്ങില്ല. പക്ഷെ, അപ്പോഴേക്കും അവരാല്‍ പറ്റുന്ന ദ്രോഹം അവര്‍ സമൂഹത്തിന് ചെയ്തിരിക്കും.

അതനുവദിക്കരുത്. ഇവരെ വീട്ടില്‍ തന്നെ തടയേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. പൊലീസിന് വേറെ പലതരം ഉത്തരവാദിത്തങ്ങളുള്ള സമയമാണ്.ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡി ജി പി മുതല്‍ ഹോം ഗാര്‍ഡ് വരെയുള്ള എല്ലാ പോലീസുകാര്‍ക്കും എന്റെ അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള അവസരമായിക്കൂടി ഞാന്‍ ഈ ലേഖനത്തെ കാണുന്നു. നിര്‍ഭാഗ്യവശാല്‍ യുദ്ധത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം വരുന്നതേയുള്ളൂ. കാര്യങ്ങള്‍ ശരിയാവുന്നതിന് മുന്‍പ് കൂടുതല്‍ വഷളാകും. അതിനാല്‍ നിങ്ങള്‍ സ്വന്തം ആരോഗ്യം (മാനസികാരോഗ്യം ഉള്‍പ്പടെ) പരമാവധി ശ്രദ്ധിക്കുക. റോഡില്‍ ഇറങ്ങി ഷോ കാണിക്കുന്ന ഒരു ചുരുക്കം സാമൂഹ്യ ദ്രോഹികള്‍ ഒഴിച്ചാല്‍, സമൂഹം ഇതിനു മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ നിങ്ങളുടെ പിന്നിലുണ്ട്. ഈ യുദ്ധം നമ്മള്‍ ജയിച്ചേ തീരൂ.

#weshallovercome

(മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com