ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടന്ന പാലക്കാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു, ബസില്‍ അടക്കം സഞ്ചരിച്ചു, റൂട്ട് മാപ്പ് തയ്യാറാക്കല്‍ ദുഷ്‌കരം

ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍,  പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് : കോവിഡ് വ്യാപനം തടയാനുള്ള പ്രോട്ടോക്കോള്‍ ലംഘിച്ച് കോവിഡ് രോഗി. പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ആള്‍ ക്വാറന്റീനില്‍ പോയില്ല. ഇയാള്‍ പലയിടങ്ങളിലും കറങ്ങി നടന്നു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമായിരിക്കുകയാണ്. മണ്ണാര്‍ക്കാട് സ്വദേശിയായ രോഗി ദുബായില്‍ നിന്നെത്തിയത് മാര്‍ച്ച് 13 നാണ്. 21 നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. 

53 കാരനായ ഇയാള്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് 13 ന് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി അവിടെ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. മണ്ണാര്‍ക്കാട്ട് എത്തിയശേഷം പല സ്ഥലത്തും ഇയാള്‍ സഞ്ചരിച്ചു. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ പോയിരുന്നു. 

21 -ാം തീയതിയാണ് കാരാക്കുറിശ്ശി സ്വദേശിയായ ഇയാളെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ വിവരം അറിയിച്ചത്. ഇയാള്‍ മലപ്പുറത്തും പോയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com