ഇടുക്കിയിലെ കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ചതിങ്ങനെ; റൂട്ട് മാപ്പ് പുറത്ത്

ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്
ഇടുക്കിയിലെ കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ചതിങ്ങനെ; റൂട്ട് മാപ്പ് പുറത്ത്

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. 

ഇടുക്കി ജില്ലയിലെ അടിമാലി, കട്ടപ്പന, കീരിത്തോട്, ഷോളയൂര്‍(പാലക്കാട്), പെരുമ്പാവൂര്‍(എറണാകുളം), തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും സഞ്ചരിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസ്, സ്വകാര്യ ബസ്, ട്രെയിന്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ധര്‍ണ, പോലീസ് സ്‌റ്റേഷന്‍ ധര്‍ണ, മരണാനന്തരചടങ്ങുകള്‍, ഏകാധ്യാപക സമരം തുടങ്ങിയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 

ഇദ്ദേഹം പങ്കെടുത്ത പ്രധാന പൊതുചടങ്ങുകള്‍

ഫെബ്രുവരി 29ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയും രാവിലെ 11 മുതല്‍ 12.30 വരെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കാട്ടാക്കടയിലേക്കും അവിടെനിന്ന് അമ്പൂരിയിലേക്ക് ബൈക്കിലും സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്നുതന്നെ കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടുക്കിക്ക് മടങ്ങി. 

മാര്‍ച്ച് ഒന്നിന് വീട്ടില്‍തന്നെ കഴിഞ്ഞു. മാര്‍ച്ച് രണ്ടാംതിയതി ചെറുതോണിയില്‍നിന്ന് അടിമാലിയിലേക്ക് സ്വകാര്യബസിലെത്തി. അടിമാലി മന്നാംകണ്ടത്ത് നടന്ന ഏകാധ്യാപക സമരത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. തുടര്‍ന്ന് അടിമാലിയില്‍നിന്ന് ചെറുതോണിയിലേക്ക് പോയി. 
ആറാംതിയതി കട്ടപ്പനയിലേക്ക് പോയ ഇദ്ദേഹം കട്ടപ്പന മോസ്‌കില്‍ പോയി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യോഗത്തിലും പങ്കെടുത്തു. 
ഏഴാംതിയതി ചെറുതോണിയില്‍ പോലീസ് സ്‌റ്റേഷന്‍ ധര്‍ണയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചെറുതോണിയില്‍നിന്ന് പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസില്‍ പോയി.

എട്ടാംതിയതി ഷോളയാറില്‍ നടന്ന ഏകാധ്യാപക സമരത്തില്‍ പങ്കെടുക്കാന്‍ പോയി. 

പത്താംതിയതി ചെറുതോണിയില്‍നിന്ന് ആലുവയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍മാര്‍ഗവും പോയി. 
പതിനൊന്നിന് രാവിലെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം ആറുമണി മുതല്‍ 11 മണിവരെ എം.എല്‍.എ. ഹോസ്റ്റലില്‍ കഴിഞ്ഞു. അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് മാര്‍ഗം തിരുവനന്തപുരത്തേക്ക്.

പതിന്നാലാംതിയതി കീരിത്തോട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഫെബ്രുവരി 29 മുതല്‍ താനുമായി ഇടപെട്ട ആളുകളോട് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും മുന്‍കരുതല്‍ സ്വീകരിക്കാനും കൊറോണ ബാധിതന്‍ അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com