ഇടുക്കിയിലെ കോവിഡ് ബാധിതന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും സന്ദര്‍ശിച്ചു, നിയമസഭ മന്ദിരത്തിലുമെത്തി ; യാത്രാവഴി തേടി ജില്ലാഭരണകൂടം

നേതാവുമായി  അടുത്ത് ഇടപഴകിയവരോട്  ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു
ഇടുക്കിയിലെ കോവിഡ് ബാധിതന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും സന്ദര്‍ശിച്ചു, നിയമസഭ മന്ദിരത്തിലുമെത്തി ; യാത്രാവഴി തേടി ജില്ലാഭരണകൂടം

തൊടുപുഴ : ഇടുക്കിയില്‍ കോവിഡ് സ്ഥിരികരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട്മാപ്പ് തയ്യാറാക്കല്‍ ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാകുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാവ് സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടു കോണ്‍ഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ എംഎല്‍എമാരുമായും വകുപ്പു സെക്രട്ടറിമാരുമായും ഇദ്ദേഹം ചര്‍ച്ച നടത്തി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും നേതാവ് എത്തി. 

എവിടെനിന്നാണ്  നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗള്‍ഫില്‍ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്ത് ഉള്ള ആളായതിനാല്‍  വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. 

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്.  ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്.  സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസര്‍കോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയില്‍ പങ്കെടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ വീട്ടിലാണ്. നേതാവുമായി  അടുത്ത് ഇടപഴകിയവരോട്  ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായും കളക്ടര്‍ പറഞ്ഞു. ഇദ്ദേഹം മാര്‍ച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍, ആലുവ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്തിയിരുന്നതായി കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com