ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ക്കെതിരെ കേസ്, ഉത്തരവ്

സബ് കളക്ടര്‍ സ്ഥലം വിട്ട കാര്യം മറച്ചുവെച്ച സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും 
ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ക്കെതിരെ കേസ്, ഉത്തരവ്

തിരുവനന്തപുരം : ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോവിഡ് നിരീക്ഷണത്തിനിടെ ആരുമറിയാതെ സ്ഥലംവിട്ട കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെയാണ് കേസെടുക്കുക. നിരീക്ഷണം ലംഘിച്ച് നാടുവിട്ടതിനാണ് കേസെടുക്കുന്നത്. 

സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് ഉത്തരവ് ഇറക്കിയത്. ഇന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിഐജി കൊല്ലം എസ്പിക്ക് നിര്‍ദേശം നല്‍കി. വിവരം മറച്ചുവെച്ചതിന് സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും.

വിദേശത്തുനിന്നെത്തിയ അനുപം മിശ്ര 19–ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ സബ് കളക്ടർ ആരോടും പറയാതെയാണ് ക്വാറന്റൈൻ ലംഘിച്ച് സ്ഥലം വിട്ടത്. അദ്ദേഹത്തെ ആരോ​ഗ്യപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിദേശത്തു നിന്നും മടങ്ങിയെത്തിയ  സബ് കളക്ടർ കഴിഞ്ഞ 18നാണ് കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. 

രണ്ടു ദിവസമായി സബ് കളക്ടറുടെ ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്ന് സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണ് സബ് കളക്ടർ ക്വാറന്റീൻ ലംഘിച്ചത് പുറത്തറിഞ്ഞത്.തുടർന്ന് പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയിട്ട നിലയിലായിരുന്നു. 

ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ക്വാറന്റീൻ ലംഘിച്ചതു ഗുരുതരമായ കുറ്റമാണെന്നും സർവീസ് റൂളിനു വിരുദ്ധമാണെന്ന് കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com