'രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യും... മോനേ...'; അഭിഭാഷകന് പൊലീസുകാരുടെ അസഭ്യവര്‍ഷം

പുറത്ത് ബഹളം കേട്ട് വീടിനകത്ത് നിന്ന് പുറത്തേയ്ക്ക് നോക്കിയ തന്നെ പൊലീസുകാരന്‍ അസഭ്യം പറഞ്ഞതായി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ പ്രമോദ് പുഴങ്കര
'രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യും... മോനേ...'; അഭിഭാഷകന് പൊലീസുകാരുടെ അസഭ്യവര്‍ഷം

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് കേരള പൊലീസ് സ്വീകരിച്ചുവരുന്നത്. അതിനിടെ പുറത്ത് ബഹളം കേട്ട് വീടിനകത്ത് നിന്ന് പുറത്തേയ്ക്ക് നോക്കിയ തന്നെ പൊലീസുകാരന്‍ അസഭ്യം പറഞ്ഞതായി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ പ്രമോദ് പുഴങ്കര വെളിപ്പെടുത്തി. വടക്കാഞ്ചേരി പൊലീസിനെതിരെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രമോദ് പുഴങ്കര ആരോപണം ഉന്നയിച്ചത്.

മൊബൈല്‍ ഫോണ്‍ പിടിച്ചുനിന്ന തന്നെ വീഡിയോ എടുക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി. വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പം എന്ന് തിരിച്ചുചോദിച്ച തന്നെ അസഭ്യം പറയുകയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രമോദ് പുഴങ്കരയുടെ കുറിപ്പില്‍ പറയുന്നു. 

കുറിപ്പ്:

'രാജ്യദ്രോഹത്തിനു' അറസ്റ്റ് ചെയ്യും 'പുണ്ടച്ചി മോനെ' എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോള്‍ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളില്‍ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 A.M നു വീടിനു പുറത്തു വലിയ ബഹളം കേട്ടാണ് ഞാന്‍ വീടിനകത്തു നിന്നും പുറത്തു നോക്കിയത്. ഒരു സ്‌കൂട്ടറില്‍ വന്ന രണ്ടു ചെറുപ്പക്കാരെ പോലീസ് ചാടിയിറങ്ങി തടഞ്ഞു നിര്‍ത്തി ആക്രോശങ്ങളോടെ ലാത്തികൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇറങ്ങി വരുന്ന സമയത്ത് ഞാന്‍ ഒരു ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ഫോണ്‍ cut ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണില്‍ പറയുകയും ചെയ്യുന്ന നേരത്ത് ' പോടാ, വീഡിയോ എടുക്കല്ലെടാ,കേറിപ്പോടാ' എന്നൊക്കെ അലറിയാണ് ഒരു civil police officer തുടര്‍ച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടില്‍ ഭീഷണിപ്പെടുത്തിയത്. വീഡിയോ എടുത്താല്‍ത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചതോടെ പുണ്ടച്ചി മോനെ, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേര്‍ത്താണ് പൊലീസ് നേരിട്ടത്. അതേ സമയം പൊലീസ് വണ്ടിയുടെ െ്രെഡവര്‍ എന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോള്‍ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് ഇപ്പോള്‍ പോയത്.

രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് പിടിയിലായി കയറിപ്പോകാന്‍ തയ്യാറാണ് എന്ന് സവിനയം അറിയിക്കുന്നു. പ്രായമായ എന്റെ മാതാപിതാക്കളും എന്റെ മകനും നില്‍ക്കവെയാണ് റോഡില്‍ നിന്നും പുണ്ടച്ചി മോനെ തുടങ്ങിയ ജനമൈത്രി പൊലീസ് സുഭാഷിതമുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊലീസ് ഏമാന്മാരെയും കാത്തുകൊണ്ട് രാജ്യദ്രോഹി വീട്ടിലുണ്ട്. സ്വാഗതം.

ഒരു പൗരന്റെ വീട്ടുപടിക്കല്‍ വന്ന് ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നല്‍കുന്നത്? വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും പുണ്ടച്ചി മോനെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവന്‍ രക്ഷ മരുന്നുകള്‍ അടക്കമുള്ള സഹായങ്ങള്‍ വിളിച്ചു ചോദിക്കേണ്ടത് പോലും.

രാജ്യദ്രോഹത്തിന്റെ ഭാഷ എത്ര വേഗമാണ് രാജ്യം മുഴുവന്‍ പരക്കുന്നത് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com