റിസര്‍വ് ബാങ്ക് തീരുമാനം സ്വാഗതാര്‍ഹം, 'ഇനി പന്ത് നിര്‍മ്മലയുടെ കോര്‍ട്ടില്‍'; തോമസ് ഐസക് 

വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്
റിസര്‍വ് ബാങ്ക് തീരുമാനം സ്വാഗതാര്‍ഹം, 'ഇനി പന്ത് നിര്‍മ്മലയുടെ കോര്‍ട്ടില്‍'; തോമസ് ഐസക് 

കൊച്ചി: വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. 'കേരളം ഒരു വര്‍ഷം മൊറട്ടോറിയമാണ് ആവശ്യപ്പെട്ടത്. സംശയം വേണ്ട. റിസര്‍വ്വ് ബാങ്കിന് മൂന്നു മാസം എന്നത് ഇനിയും നീട്ടേണ്ടിവരും'- ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കുറിപ്പ്:

സര്‍ക്കാരിന് രണ്ട് രീതികളിലാണ് സാമ്പത്തിക മേഖലയില്‍ ഇടപെടാന്‍ കഴിയുക. ഒന്ന്, സര്‍ക്കാരിന്റെ വരവ്‌ചെലവുകളില്‍ വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് ധനനയം (Fiscal Policy) എന്നു വിളിക്കുന്നത്. രണ്ടാമത്തെ രീതി പണലഭ്യതയിലും പലിശനിരക്കിലും മറ്റും വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് പണനയം (Monetary Policy) എന്നു വിളിക്കുന്നത്. ആദ്യത്തേത് ധനവകുപ്പിന്റെ ആയുധമാണ്. രണ്ടാമത്തേത് റിസര്‍വ്വ് ബാങ്കിന്റെയും. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും റിസര്‍വ്വ് ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടും ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് അനുവര്‍ത്തിച്ച അനങ്ങാപ്പാറ നയം വിമര്‍ശനവിധേയമായിരുന്നു. ഇപ്പോള്‍ അവസാനം ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്.

ഇന്നു പ്രഖ്യാപിക്കപ്പെട്ട നടപടികളില്‍ ഏറ്റവും സ്വാഗതാര്‍ഹമായകാര്യം എല്ലാ വായ്പയകളുടെയും തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. കേരളം ഒരു വര്‍ഷം മൊറട്ടോറിയമാണ് ആവശ്യപ്പെട്ടത്. സംശയം വേണ്ട. റിസര്‍വ്വ് ബാങ്കിന് മൂന്നു മാസം എന്നത് ഇനിയും നീട്ടേണ്ടിവരും. പ്രവര്‍ത്തനമൂലധനത്തിനും മറ്റുമുള്ള ആവശ്യങ്ങള്‍ ഉദാരമായി പരിഗണിക്കാനും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ, മൊറട്ടോറിയത്തിനു മുമ്പ് തുടങ്ങിയ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ജപ്തിക്ക് കേരള ഹൈക്കോടതി നല്‍കിയ സ്‌റ്റേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്. ഈ നിലപാട് തിരുത്തിയേ തീരൂ.

ഇത്തരത്തില്‍ എടുത്ത വായ്പകള്‍ക്കുള്ള തിരിച്ചടവ് എല്ലാവരും നിര്‍ത്തിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകും. അത് ഒഴിവാക്കാന്‍ അവര്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് റിസര്‍വ്വ് ബാങ്ക് ക്യാഷ് റിസര്‍വ്വ് റേഷ്വ നാല് ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി കുറച്ചിരിക്കുകയാണ്. എന്നുവച്ചാല്‍ നേരത്തെ ബാങ്കുകളുടെ മൊത്തം ബാധ്യതകളുടെ നാല് ശതമാനം കാശായി കരുതണം എന്നു നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മൂന്നു ശതമാനമായി കുറയ്ക്കുമ്പോള്‍ 2.8 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്കും മറ്റും വായ്പ നല്‍കാന്‍ കൂടുതല്‍ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും സമ്പദ്ഘടനയിലെ ലിക്യുഡിറ്റി വര്‍ദ്ധിപ്പിക്കാന്‍ ക്യാഷ് റിസര്‍വ്വ് റേഷ്വ കുറയ്ക്കുക, വിപുലമായ തോതില്‍ സര്‍ക്കാരുകളുടെയും വലിയ കോര്‍പ്പറേറ്റുകളുടെയും ബോണ്ടുകള്‍ വാങ്ങുക തുടങ്ങിയവ സ്വീകരിക്കുന്നുണ്ടെന്നതും പറയട്ടെ. ബാങ്കുകള്‍ സ്വയംസഹായ സംഘങ്ങളും മറ്റും വഴി കൂടുതല്‍ ഉദാരമായി ഉപഭോക്തൃ വായ്പകള്‍ അടച്ചുപൂട്ടലിന്റെ ഈ കാലത്ത് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായിട്ടില്ല.

റിസര്‍വ്വ് ബാങ്കിന്റെ മൂന്നാമത്തെ നടപടി റിപ്പോ പലിശ നിരക്ക് 5.15 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായി കുറച്ചതാണ്. ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. പക്ഷെ, ഇതുകൊണ്ട് ഉടനെ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. സമ്പദ്ഘടന അടച്ചുപൂട്ടി കിടക്കുകയാണല്ലോ. പക്ഷെ ഇതിനും ഒരു സെന്റിമെന്റല്‍ വാല്യു ഉണ്ട്. മോണിറ്ററി പോളിസിയുടെ പരിമിതിയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അമേരിക്ക പലിശ നിരക്ക് ഏതാണ്ട് പൂജ്യമാക്കിയിരിക്കുകയാണ്. പക്ഷെ, അതുകൊണ്ട് അമേരിക്കന്‍ സമ്പദ്ഘടനയുടെ തകര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ലല്ലോ.

അതുകൊണ്ട് ഇനി എന്താണ് ചെയ്യാന്‍ കഴിയുക? നമ്മുടെ ശ്രദ്ധ ഫിസ്‌ക്കല്‍ പോളിസിയിലേയ്ക്കാണ് തിരിയേണ്ടത്. പന്ത് നിര്‍മ്മലാ സീതാരാമന്റെ കോര്‍ട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരില്‍ എന്റെ പോസ്റ്റില്‍ വന്ന അസംബന്ധങ്ങള്‍ പറഞ്ഞ വെട്ടുകിളികള്‍ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയല്‍ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സര്‍ക്കാര്‍ നിയോലിബറല്‍ മുന്‍വിധികള്‍ തല്‍ക്കാലം മാറ്റിവച്ച് കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെട്ടേ തീരൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com