വിദേശത്തുനിന്നു എത്തിയവർ ഒളിച്ചു താമസിക്കാം എന്നു കരുതേണ്ട; കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് 79 പേർ

വിദേശത്തുനിന്നു വരുന്നവർക്ക് ജില്ലയിൽ ഒളിച്ചിരിക്കാൻ അവസരം ഉണ്ടാകുമെന്ന് കരുതരുത്
വിദേശത്തുനിന്നു എത്തിയവർ ഒളിച്ചു താമസിക്കാം എന്നു കരുതേണ്ട; കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് 79 പേർ

കൊല്ലം; കൊറോണ വൈറസ് സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കൊല്ലം. എന്നാൽ വിദേശത്തുനിന്നു വരുന്നവർക്ക് ജില്ലയിൽ ഒളിച്ചിരിക്കാൻ അവസരം ഉണ്ടാകുമെന്ന് കരുതരുത്. നിങ്ങൾ എവിടെ ഒളിച്ചാലും അധികൃതർ കയ്യോടെ പിടിച്ചിരിക്കും. കഴിഞ്ഞ ദിവസം മാത്രം വിദേശത്തുനിന്നെത്തിയ 79 പേരെയാണ് പൊലീസ് കണ്ടെത്തിയത്. കൊറോണ രോഗബാധിതപ്രദേശങ്ങളിൽനിന്നെത്തി നിരീക്ഷണവലയത്തിൽപ്പെടാതെ താമസിക്കുകയായിരുന്നു ഇവർ. 

ആർഡിഒ സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ ഡോ. ശശി, ഡോ. അരുൺ, ഡോ. ടി.എ.നാരായണൻ എന്നിവർ വ്യാഴാഴ്ചയും 43 വിദേശീയരുടെ ആരോഗ്യനില പരിശോധിച്ചു. ഡിഎംഒയുടെ നിർദേശപ്രകാരം 30 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവരായതിനാൽ ഇവരുടെയെല്ലാം സാമ്പിൾ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. 

ഗൾഫിൽനിന്നെത്തി കൊല്ലത്തെ വാടകവീട്ടിൽ തങ്ങിയ ദമ്പതിമാരെയും കഴിഞ്ഞദിവസം കണ്ടെത്തി. അവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. വിദേശങ്ങളിൽനിന്നെത്തി നഗരത്തിലെ ഫ്ലാറ്റുകളിൽ ‘ഒളിച്ചു’താമസിച്ചിരുന്നവരുടെയടുത്തും ആരോഗ്യവകുപ്പ് അധികൃതരെത്തി.

ജില്ലയിൽ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മികച്ച ജാ​ഗ്രതയാണ് പുലർത്തുന്നത്. വിദേശത്തുനിന്നു വന്നവർ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചാൽ അധികൃതരെ അറിയിക്കണം. ജില്ലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോം സ്റ്റേകളിലും വരുംദിവസങ്ങളിലും പരിശോധന തുടരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com