സങ്കടകരമായ ദിനം; ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 165 പേര്‍ രോഗബാധിതര്‍ 

സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി  വിജയന്‍
സങ്കടകരമായ ദിനം; ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 165 പേര്‍ രോഗബാധിതര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. നിലവില്‍ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.

സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം അറിയാന്‍ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകള്‍ നടത്തും. വെന്റിലേറ്റര്‍, എന്‍95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, കയ്യുറകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു.

കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട-ചെറുകിട സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെയെല്ലാം കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ സ്ഥാപിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വിഎസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പത്രമാധ്യമങ്ങള്‍ അവശ്യ സര്‍വീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില റസിഡന്റ്‌സ് അസോസിയേഷനുകള്‍ പത്രങ്ങള്‍ വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമായവര്‍ക്കു പുറമേ ആള്‍ക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്. ചിലര്‍ പടമെടുക്കാന്‍ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com