ഊരുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ച് എംഎൽഎയും കളക്ടറും

ഊരുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ച് എംഎൽഎയും കളക്ടറും

അച്ചൻകോവിലാറിന് കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ സ്വന്തം തോളിൽ ചുമന്നാണ് ഇവർ കോളനിയിലെത്തിച്ചത്

പത്തനംതിട്ട : കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, പുറത്തിറങ്ങാനാകാതെ പെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം എത്തിച്ച് ജില്ലാ കളക്ടറും എംഎൽഎയും. കെ യു ജനീഷ് കുമാർ എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് എംഎൽഎയും ജില്ലാ കളക്ടർ പി ബി നൂഹും പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ ഭക്ഷ്യസാധനങ്ങൾ നേരിട്ടെത്തിച്ചത്. 

അച്ചൻകോവിലാറിന് കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ സ്വന്തം തോളിൽ ചുമന്നാണ് ഇവർ കോളനിയിലെത്തിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകൾ കോളനിയിലെ 37 കുടുംബങ്ങൾക്കും വിതരണം ചെയ്തു. ജനമൈത്രി പൊലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ചേർന്നാണ് ഭക്ഷണസാധനങ്ങൾ ശേഖരിച്ചത്. 

കോളനികളിൽ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എ.യ്ക്കൊപ്പം കോളനിയിൽ സന്ദർശനം നടത്തിയതെന്ന് ജില്ലാ കളക്ടർ പി ബി  നൂഹ് പറഞ്ഞു. 60 വയസ്സിനുമുകളിൽ പ്രായമുള്ള ആളുകൾക്ക് പട്ടികവർഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കും ഭക്ഷണമെത്തിക്കും.കൊക്കാത്തോട് പിഎച്ച്സി മെഡിക്കൽ ഓഫീസർ സി ശ്രീജയന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കൽ സംഘവും കോളനിയിൽ പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com