റേഷന്‍ കടകള്‍ വഴി മദ്യം നല്‍കണം:ആവശ്യവുമായി യൂത്ത് ലീഗ് നേതാവ്

സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴിയോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ മദ്യം നല്‍കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ്.
റേഷന്‍ കടകള്‍ വഴി മദ്യം നല്‍കണം:ആവശ്യവുമായി യൂത്ത് ലീഗ് നേതാവ്

മലപ്പുറം: സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴിയോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ മദ്യം നല്‍കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ആവശ്യമുന്നയിച്ചത്. 

ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ പോസ്റ്റിന് എതിരെ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ടതോടെ, ഇദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. താന്‍ മദ്യത്തെ മഹത്വവത്കരിക്കുകയല്ല ചെയ്തത് എന്ന് വിശദീകരിച്ച് മറ്റൊരു കുറിപ്പും ഗുലാം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നവന്‍ മുസ്ലിം ലീഗുകാരന്‍ മാത്രമല്ല അവന്‍ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.ആ പോസ്റ്റ് മദ്യത്തെ മഹത്വ വല്‍ക്കരിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ച് പോസ്റ്റ് പിന്‍ വലിക്കുന്നു.' എന്ന് പുതിയ കുറിപ്പില്‍ പറയുന്നു. 

ബിവറേജ് ഔട്ട്‌ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com