കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണം; അതിര്‍ത്തികള്‍ അടച്ചതില്‍ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 03:33 PM  |  

Last Updated: 30th March 2020 03:35 PM  |   A+A-   |  

 

കൊച്ചി: കേരള അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് വിയോജിച്ച് ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും കോടതി പറഞ്ഞു. 

അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കേടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. അതിര്‍ത്തി അടച്ചത് നിയമവിരുദ്ധമാണെന്നും അടയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടയുടെ നിലപാട് അവശ്യ സേവന നിയമത്തിന് എതിരാണെന്നും കേരളം വ്യക്തമാക്കി. 

ദേശീയപാതയാണ് കര്‍ണാടക സര്‍ക്കാര്‍ അടച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. ദേശീയ പാത അതോറിറ്റിയുടെ ചുമതല കേന്ദ്രത്തിനാണ്.  കേന്ദ്രസര്‍ക്കാരിനാണ് വിഷയത്തില്‍ ഇടപെടാന്‍ പറ്റുന്നത് എന്നും കേരളം വ്യക്തമാക്കി.

ചരക്ക് നീക്കവും ചികിത്സാ സേവനവും അവശ്യ സര്‍വീസാണെന്നും ചരക്ക് നീക്കത്തിന് പരിഗണന നല്‍കാന്‍ കര്‍ണാട സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു ദിവസത്തെ സമയം തേടി. 

കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനാല്‍ ചികിത്സ ലഭിക്കാതെ കാസര്‍കോട് രോഗി മരിച്ചിരുന്നു. എഴുപത്തിയഞ്ചുകാരിയായ പാത്തുഞ്ഞിയാണ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. പാത്തൂഞ്ഞിയെയും കൊണ്ടുപോയ ആംബുലന്‍സ് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. പിന്നീട് കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.