കേരളത്തില്‍ നിന്ന് പാല്‍ വാങ്ങുന്നത് നിര്‍ത്തി തമിഴ്‌നാട്, പ്രതിസന്ധിയിലായി മില്‍മ; ക്ഷീരകര്‍ഷകരും ആശങ്കയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 01:34 PM  |  

Last Updated: 30th March 2020 01:34 PM  |   A+A-   |  

 

കൊച്ചി: കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി തമിഴ്‌നാട്. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് നീക്കം എന്നാണ് തമിഴ്‌നാട് പറയുന്നത്. ഇതോടെ മില്‍മ മലബാര്‍ മേഖല യൂണിയനില്‍ പാല്‍ സംഭരണം  പ്രതിസന്ധിയിലായി. നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ അറിയിച്ചു. പാല്‍പൊടി നിര്‍മാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാലായിരുന്നു കേരളം തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നത്. ഇതാണ് തമിഴ്‌നാട് നിര്‍ത്തലാക്കിയത്.

അതേ സമയം പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തിയിരുന്നു. കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ തമിഴ്‌നാട് അടച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്‌നാടും എത്തുന്നത്. പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കും.