പോത്തന്‍കോട്ടെ കോവിഡ് ബാധിതന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി കടകംപള്ളി ;  14 ഡോക്ടര്‍മാര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 30th March 2020 03:22 PM  |  

Last Updated: 30th March 2020 03:22 PM  |   A+A-   |  

kadakampally-surendran

kadakampally-surendran

 


തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹത്തിന് വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. 

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധിക്കും.  സ്രവം ആലപ്പുഴ, തിരുവനന്തപുരം ലാബുകളിലേക്കാണ് സ്രവം അയക്കുക. ഇദ്ദേഹത്തിന് അറുപത്തിയെട്ട് വയസുണ്ട്. 

അതേസമയം, പോത്തന്‍കോട് സ്വദേശിക്ക് വിദേശബന്ധവും രോഗബാധിതരുമായി സമ്പര്‍ക്കവുമില്ലാത്തതും ആശങ്കക്കിടയാക്കുന്നു. സാമൂഹിക വ്യാപനമാണോ എന്നാണ് സംശയം. ബന്ധുക്കളുടെ യാത്രവിവരങ്ങളടക്കം പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. 

അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ ചികില്‍സിച്ച 14 ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായി സൂചനയുണ്ട്. ഏഴ് പിജി ഡോക്ടര്‍മാരോടും ഏഴ് ഹൗസ് സര്‍ജന്മാരോടുമാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നഴ്‌സുമാര്‍ അടക്കം പത്തോളം മറ്റ് ജീവനക്കാരും നിരീക്ഷണത്തിലാണ്.