മദ്യം കിട്ടാതെ വീണ്ടും ആത്മഹത്യ; കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 03:32 PM  |  

Last Updated: 30th March 2020 03:32 PM  |   A+A-   |  

 

ആലപ്പുഴ: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പളളിയില്‍ രമേശ് (40) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടേയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കിയതാണ് ഇതിന് മുന്‍പത്തെ സംഭവം. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്.  ലോക്ക്ഡൗണ്‍ പ്രകാരം ബിവറേജസുകളും ബാറുകളും അടച്ചുപൂട്ടിയത് മൂലം മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന ഏഴാമത്തെ സംഭവമാണിത്. 

ഇന്നലെ മണിക്കൂറുകളുടെ ഇടവേളയില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടുപേരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തും തൃശൂരുമാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.തിരുവനന്തപുരം മാരായമുട്ടം സ്വദേശി കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ കൊടുങ്ങല്ലൂരില്‍ നാരായണമംഗലം സ്വദേശി സുനീഷുമാണ് മരിച്ചത്. ഞായറാഴ്ച തന്നെ കോട്ടയത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് 45 കാരന്റെ ആത്മഹത്യ ശ്രമവും ഉണ്ടായി.

ചങ്ങനാശേരിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.