ലണ്ടനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ വിവരം; മാപ്പ് പറഞ്ഞ് അൽഫോൺസ് കണ്ണന്താനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 03:37 PM  |  

Last Updated: 30th March 2020 03:37 PM  |   A+A-   |  

Alphons-Kannanthanam

 

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതില്‍ മാപ്പപേക്ഷിച്ച് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക വിമാനം അയക്കുമെന്ന തരത്തില്‍ താന്‍ നേരത്തെ നല്‍കിയ വിവരം തെറ്റായിരുന്നെന്നും അതില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്. 

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐഎഎസ് ഗ്രൂപ്പില്‍ ഇട്ട സന്ദേശമാണ് താന്‍ നല്‍കിയ വിവരത്തിന് ആധാരമെന്ന് കണ്ണന്താനം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സന്ദേശം ആ ഉദ്യോഗസ്ഥനെ വിളിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് അതു സംബന്ധിച്ച് താന്‍ പോസ്റ്റിട്ടത്.

നിരവധി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സാഹചര്യത്തില്‍ ആ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം ആധികാരികമാണെന്ന ധാരണയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ആ വിവരം തെറ്റാണെന്ന് വൈകാതെ മനസിലായി. തെറ്റായ വിവരം നല്‍കി ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വിഫലമായ പ്രതീക്ഷ നല്‍കാനിടയായതില്‍ അതിയായി ഖേദിക്കുന്നു.

ലണ്ടനില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ ഒരു വിമാനമെങ്കിലും അയക്കണമെന്ന് വിദേശകാര്യ മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അത് സാധ്യമല്ലെന്നും ഏപ്രില്‍ 14ന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. താനും ഒരു മനുഷ്യനാണെന്നും തെറ്റുകള്‍ പറ്റാമെന്നും കണ്ണന്താനം കുറിപ്പില്‍ പറയുന്നു. തന്റെ രണ്ട് മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടിങ്ങിക്കിടക്കുകയാണ്. അവരെയും തിരിച്ചെത്തിക്കാനാവില്ലെന്നും കണ്ണന്താനം പറഞ്ഞു.