അതിഥി തൊഴിലാളികള്‍ ഒരിടത്തും പട്ടിണി കിടക്കുന്നില്ല; പായിപ്പാട്ടെ സംഭവം ആസൂത്രിതം; പിന്നില്‍ ഒന്നിലധികം ശക്തികളെന്ന് മുഖ്യമന്ത്രി 

കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം
അതിഥി തൊഴിലാളികള്‍ ഒരിടത്തും പട്ടിണി കിടക്കുന്നില്ല; പായിപ്പാട്ടെ സംഭവം ആസൂത്രിതം; പിന്നില്‍ ഒന്നിലധികം ശക്തികളെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: പായിപ്പാട്ടെ സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളതെന്ന് പിണറായി പറഞ്ഞു

5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവര്‍ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.

അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും. 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ചില ക്യാംപില്‍ അതിഥിത്തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. നിശ്ചിത എണ്ണത്തില്‍ കൂടാന്‍ പാടില്ല, വാര്‍ത്ത കാണാനും മറ്റും ടിവി ഉള്‍പ്പെടെ വിനോദ ഉപാധികള്‍ ഒരുക്കും. അവര്‍ ഉന്നയിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്.

ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തി സഹകരിപ്പിക്കുക എന്നതാണ് മാര്‍ഗം കലക്ടര്‍ തലവനും ജില്ലാ പൊലീസ് മേധാവിയും ലേബര്‍ ഓഫിസറും അടക്കമുള്ളവര്‍ അംഗങ്ങളുമായ സമിതി പരിശോധിക്കും. താമസിക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ താമസിച്ച് വാടക കൊടുക്കുന്ന രീതി പായിപ്പാട് ഉണ്ട്. തൊഴിലാളികള്‍ക്കു ഭക്ഷണം ഉറപ്പാക്കേണ്ടത് അവരുടെ കരാറുകാരാണ്. ഇതിലും ചില പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്കെല്ലാം മാന്യമായ താമസസ്ഥലം ഒരുക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്. പകല്‍ മുഴുവന്‍ അധ്വാനിച്ച് രാത്രി കിടക്കാനൊരു സ്ഥലം മതി അവര്‍ക്ക്. എന്നാല്‍ ജോലി മുടങ്ങിയതിനാല്‍ മുഴുവന്‍ സമയവും താമസസ്ഥലത്ത് ചെലവഴിക്കാന്‍ അതിഥി തൊഴിലാളികളും നിര്‍ബന്ധിക്കപ്പെടുകയാണെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com