വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം നൽകി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 30th March 2020 01:25 PM  |  

Last Updated: 30th March 2020 01:25 PM  |   A+A-   |  

Kerala-High-Court-min

 

കൊച്ചി : വിചാരണത്തടവുകാര്‍ക്ക് ജാമ്യം അനുവദിച്ചു. വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കുമാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30 വരെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 

കോവിഡ് പശ്ചാത്തലത്തിലാണ് വിചാരണത്തടവുകാര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയത്. അര്‍ഹരായവരെ ജയില്‍സൂപ്രണ്ടുമാര്‍ മോചിപ്പിക്കണം. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയവര്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇടക്കാല ജാമ്യത്തിന് കോടതി ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്.

സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവര്‍, സ്ഥിരം ആക്രമണവാസനയുള്ള കുറ്റവാളികള്‍ തുടങ്ങിയവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടും ജില്ലാ പൊലീസ് മേധാവിമാരും വിശദമായ പരിശോധന നടത്തി വേണം തീരുമാനമെടുക്കേണ്ടത്. 

ജാമ്യം ലഭിച്ചവര്‍ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കോവിഡിനെ തുടര്‍ന്ന് കോടതികള്‍ അടച്ചിട്ടതിനാല്‍ വിചാരണ തടവുകാര്‍ക്ക് ജാമ്യം തേടി കോടതികളെ സമീപിക്കാനാവില്ല എന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കില്‍ ഏപ്രില്‍ 30 ന് പ്രതികള്‍ അതത് വിചാരണ കോടതികളില്‍ ഹാജരാകണം. ജാമ്യം നീട്ടണോ, റദ്ദാക്കണോ എന്ന് കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.