കൊറോണ ക്യാ ഹേ?, അതിഥി തൊഴിലാളികളെ കയ്യിലെടുത്ത് ഹോം ഗാര്‍ഡ്, ഹൃദ്യം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 04:52 PM  |  

Last Updated: 30th March 2020 04:52 PM  |   A+A-   |  

 

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കവെ, ഇന്നലെ കോട്ടയം ചങ്ങനാശേരി പായിപ്പാട് ഉണ്ടായ സംഭവം ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. രോഗത്തെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടിയത്. ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. തൊഴിലാളികളോട് കലക്ടറും എസ്പിയും നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. അതിനിടെ അതിഥി തൊഴിലാളികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും സമയോചിതമായ ഇടപെടല്‍ നടത്തിയ ഹോം ഗാര്‍ഡിന്റെ പ്രവര്‍ത്തനം കയ്യടി നേടുകയാണ്.

കോഴിക്കോട് മേപ്പയൂര്‍ പൊലീസ് സ്‌റ്റേഷനിലെ കരുണാകരന്‍ എന്ന  ഹോം ഗാര്‍ഡ് ഒരു അധ്യാപകന്റെ വാക്ചാരുതയോടെ തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച്  കൊടുക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 'നിങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വസ്ത്രം ഇതൊക്കെ കിട്ടുന്നുണ്ടോ..? ഉണ്ട് സാര്‍.. രാജ്യത്ത് നടക്കുന്ന കൊറോണ വൈറസിനെ പറ്റി നിങ്ങള്‍ക്ക് അറിയാമോ? അറിയാം സര്‍..' പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കാനാണ്..'- ഇങ്ങനെ പോകുന്നു ബോധവല്‍ക്കരണം. ഹോം ഗാര്‍ഡ് അതിഥി തൊഴിലാളികളോട് അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്ന വിഡിയോ ഏറെ ഹൃദ്യമാണ്. ഹോം ഗാര്‍ഡ് പറയുന്ന കാര്യങ്ങള്‍ വളരെ ആകാംക്ഷയോടെ കയ്യും കെട്ടി നിന്നു കേള്‍ക്കുന്ന തൊഴിലാളികളെയും കാണാം. 

എത്ര ദിവസം ഇത്തരത്തില്‍ കിഴയേണ്ടി വരും എന്ന ആശങ്ക പങ്കുവയ്ക്കുന്ന തൊഴിലാളികളോട് കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപ്തിയും അത് ലോകത്താകമാനം വിതച്ച നാശനഷ്ടവും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഈ വൈറസ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ഇന്ത്യയില്‍ അങ്ങനെ ആകാതിരിക്കാനാണ് ഇത്തരം നടപടികളെന്നും ഹിന്ദിയില്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. 

 നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കരുതെന്നും വെള്ളവും ഭക്ഷണവും എല്ലാം സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് എത്തിക്കുമെന്നും എന്തെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അത് പൊലീസുകാരോട് പറയാന്‍ മടിക്കേണ്ടെന്നും കരുണാകരന്‍ വ്യക്തമാക്കുന്നു. രാജ്യമെമ്പാടും രോഗത്തിന്റെ ഭീതിയിലാണ്, നിങ്ങള്‍ ഇവിടെ തുടരണമെന്നും ഈ ഉദ്യോഗസ്ഥന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.