പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ; ഉപരോധം ആസൂത്രിതമെന്ന് എസ്പി 

പ്രതിഷേധവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ; ഉപരോധം ആസൂത്രിതമെന്ന് എസ്പി 

കോട്ടയം : കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി കോട്ടയം എസ് പി. പ്രതിഷേധം ആസൂത്രിതമാണെന്നാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ മനസ്സിലായതെന്നും എസ്പി ജി ജയദേവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് താന്‍ തന്നെ മേല്‍നോട്ടം വഹിക്കും. അന്വേഷണപുരോഗതി വിലയിരുത്തി വരികയാണെന്നും എസ് പി ജയദേവ് അറിയിച്ചു. എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് സംഭവിച്ചത് എന്ന കാര്യമെല്ലാം വിശദമായി പരിശോധിക്കും. 

ആദ്യമേ, 11 മണിക്ക് ഒരുപറ്റം എത്തി അരമണിക്കൂറിനകം ഇത്രയധികം പേര്‍ ഒത്തുകൂടിയതിന് പിന്നില്‍ എന്തൊക്കെയോ നടന്നതായാണ് സംശയിക്കുന്നത്. ബാഹ്യഇടപെടല്‍ ഉണ്ടായി എന്നുതന്നെയാണ് മനസ്സിലാക്കുന്നത്. പിന്നീട് പലരും സുഹൃത്തുക്കള്‍ക്കൊപ്പം പ്രതിഷേധസ്ഥലത്തേക്ക് എത്തുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പലരും വെളിപ്പെടുത്തിയത്. തൊഴിലാളികളുടെ ഫോണ്‍ അടക്കം പരിശോധിച്ചുവരികയാണെന്നും എസ്പി പറഞ്ഞു. 

വിലക്ക് ലംഘിച്ച് കൂട്ടം കൂടിയതിനും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചതിനുമാണ് അതിഥി തൊഴിലാളികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടിലേക്ക് തിരിച്ചുപോകണം എന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എസ്പി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ ഫോണ്‍ അടക്കം പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി തിലോത്തമനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് റെയ്ഡ് നടത്തി. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളില്‍ പരിശോധന നടത്തി. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com