ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക്; ഈ നില തുടര്‍ന്നാല്‍ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് ഐസക് 

ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക്; ഈ നില തുടര്‍ന്നാല്‍ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് ഐസക് 

തിരുവനന്തപുരം: പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സ്ഥിതിഗതികള്‍ ഈരീതിയില്‍ തുടരുകയാണെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. ഇതുവാങ്ങാനാണ് ബാങ്കുകളുടെ മുന്നില്‍ പ്രായമായവര്‍ ഉള്‍പ്പെടെയുളളവര്‍ തടിച്ചുകൂടിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ജനം ബാങ്കുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയത്.

ജനം സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ബാങ്ക് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന് തോമസ് ഐസക് പറഞ്ഞു. പെന്‍ഷന്‍കാരും സാമൂഹിക അകലം പാലിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥിതിഗതികള്‍ ഈനിലയില്‍ തുടര്‍ന്നാണ് പെന്‍ഷന്‍ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വരും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ദിവസങ്ങള്‍ നിശ്ചയിച്ച് പെന്‍ഷന്‍ വിതരണം നടത്തുന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. നിലവില്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അഞ്ചുദിവസം കൊണ്ട് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. അതായത് ഈ രണ്ട് ദിവസങ്ങളില്‍ ഈ രണ്ടു നമ്പറുകള്‍ എന്ന നിലയിലാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ദിവസം ഒരു നമ്പര്‍ എന്ന നിലയില്‍ പത്തുദിവസത്തിനുളളില്‍ വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. ട്രഷറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രില്‍ രണ്ടാം തീയതിയില്‍ പൂജ്യം നമ്പര്‍ ഉളളവര്‍ക്കും മൂന്നാം തീയതി ഒന്നാം നമ്പര്‍ കിട്ടിയവര്‍ക്കും എന്നിങ്ങനെ പെന്‍ഷന്‍ വിതരണം ചെയ്യുന്ന തരത്തില്‍ പുതുക്കിയ ഓര്‍ഡര്‍ ഉടന്‍ പുറത്തിറക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com