സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; സിഐടിയു നേതാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 09:24 PM  |  

Last Updated: 31st March 2020 09:29 AM  |   A+A-   |  

citu

 

പാലക്കാട്: ലോക്ക്ഡൗണിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ സിഐടിയു നേതാവിനെതിരെ കേസ്. സിഐടിയുവിന്റെ അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. 

600 ലധികം അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഇയാൾ ഒളിവിലാണെന്നും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ഇന്നലെ പ്രതിഷേധം തുടക്കത്തിൽ തന്നെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. പ്രതിഷേധത്തിലേക്കെന്ന തരത്തിൽ സാഹചര്യം എങ്ങിനെയുണ്ടായെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

അതേസമയം അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്. കോട്ടയം, എറണാകുളം ജില്ലകളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം അവരോട് സംസാരിക്കും.