അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ്; ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 07:36 PM  |  

Last Updated: 31st March 2020 07:36 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളുടെ വിവരം എഡിജിപിയുടെ നേതൃത്വത്തില്‍ ശേഖരിക്കും. തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും. 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും തൊഴിലാളികള്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളില്‍ കരാറുകാരുടെ കീഴിലും ഒറ്റപ്പെട്ട് താമസിക്കുന്നവരും ഉണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വിലക്കയറ്റം തടയുന്നതിനു വിജിലന്‍സിനെ ചുമതലപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും. അവശ്യ സാധനങ്ങളുടെ ലഭ്യത വര്‍ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്കു ട്രക്കുകള്‍ വന്നു തുടങ്ങി. എല്‍പിജി സിലിണ്ടറുകള്‍ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ച് ദിവസത്തിനകം എല്ലാവര്‍ക്കും റേഷന്‍ നല്‍കാന്‍ കഴിയും. അല്ലാത്തവര്‍ക്കു പിന്നീടു വാങ്ങാന്‍ സാധിക്കും. വിവിധ നഗരങ്ങളില്‍നിന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കേരളീയര്‍ ഭീതി കാരണം വിളിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളില്‍തന്നെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ മലയാളി നഴ്‌സുമാരുടെ സാന്നിധ്യം വലുതാണ്. അവരാണ് ആശങ്ക അറിയിക്കുന്നത്. ഇതു കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തും. കോഴി, താറാവ്, കന്നുകാലി, പന്നി എന്നിവയ്ക്ക് തീറ്റയ്ക്ക് പ്രശ്‌നമുണ്ട്. ഇതിന് പ്രാദേശിക ഇടപെടലിന് നിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.