ഈ ഏപ്രില്‍ ഒന്നിന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രി; തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 06:31 PM  |  

Last Updated: 31st March 2020 06:31 PM  |   A+A-   |  

 

തിരുവനന്തപുരം: വിഡ്ഢി ദിനമായ നാളെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

' മറ്റുളളവരെ കളിയാക്കാനും തമാശ പറഞ്ഞ് പറ്റിക്കാനുമുളള ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്.ഈ ഏപ്രില്‍ ഒന്നിന് ഇത്തരം തമാശകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകും.'- കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ വിഷയങ്ങളെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ കൈമാറിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.

സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.