ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം; ബെവ്‌കോ വീട്ടിലെത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 04:30 PM  |  

Last Updated: 31st March 2020 04:39 PM  |   A+A-   |  

liquor-coronavirus

 

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നല്‍കി. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക.

മദ്യത്തിന് അപേക്ഷിക്കുന്നവര്‍ക്ക് എക്‌സൈസ് വകുപ്പ് ആദ്യം പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് ബെവ്‌കോയ്ക്ക് നല്‍കിയ ശേഷമായിരിക്കും അപേക്ഷകന് മദ്യം ലഭിക്കുക. അപേക്ഷകന്റെ നമ്പറില്‍ ബെവ്‌കോ അധികൃതര്‍ വിളിച്ചുവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരുദിവസം 420 മില്ലിലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക.

അതിന്റെ വിലനിലവാരത്തില്‍ തീരുമാനമായിട്ടില്ല. എട്ടാം ദിവസം മുതല്‍ മദ്യം വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കേണ്ടി വരും. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാകുക. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഈ നടപടികള്‍ ഉണ്ടാവുക.