മില്‍മ നാളെ പാല്‍ സംഭരിക്കില്ല; രണ്ടാം തീയതി മുതല്‍ പുതിയ ക്രമീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 04:32 PM  |  

Last Updated: 31st March 2020 04:32 PM  |   A+A-   |  

 

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും പാല്‍ എടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിയതോടെ മില്‍മ വന്‍ പ്രതിസന്ധിയില്‍. ഇതോടെ നാളെ പാല്‍ എടുക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ എം വിജയകുമാരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മാത്രമല്ല മറ്റന്നാള്‍ മുതല്‍ പാല്‍ സംഭരണത്തില്‍ വലിയ ക്രമീകരണം നടത്താനും ഇപ്പോള്‍ എടുക്കുന്നതിന്റെ അളവ് കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ്  മണിയും അറിയിച്ചു. 

കേരളത്തില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പാല്‍ കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലോ മറ്റോ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇതില്‍ തീരുമാനമൊന്നും ഉണ്ടാവാതെ വന്നതോടെയാണ് പാല്‍ സംഭരണം നിര്‍ത്താന്‍ തീരുമാനിച്ചത്. 

ദിവസേന ആറ് ലക്ഷം ലിറ്റര്‍ പാലായിരുന്നു മലബാറില്‍ നിന്ന് മാത്രം മില്‍മ  സംഭരിച്ചിരുന്നത്. മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച ശേഷവും എടുക്കുന്ന പാലിന്റെ പകുതിയോളം  മാത്രമേ വിറ്റ്  പോയിട്ടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ബാക്കിയാവുന്ന പാല്‍ ചെറിയൊരളവില്‍ തിരുവനന്തപുരം  യൂണിറ്റിലേക്ക്  കയറ്റി അയച്ച ശേഷം ബാക്കി തമിഴ്‌നാട്ടിലേക്ക് അയച്ച് പാല്‍പൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് കാരണം കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നത് കുറക്കേണ്ടിയും വന്നിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ തടസ്സമുണ്ടായിരിക്കുന്നത്. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മാണ കേന്ദ്രങ്ങള്‍ ഇല്ലാത്തതാണ് ബാക്കിയുള്ള പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ച് പാല്‍പൊടിയാക്കേണ്ട അവസ്ഥ ഉണ്ടായിട്ടുള്ളത്.

ഒരു ലിറ്റര്‍ പാല്‍ പാല്‍പൊടിയാക്കാന്‍ പത്ത് രൂപയോളം അധിക ചിലവാണ് മില്‍മയ്ക്ക് വരുന്നുണ്ടായിരുന്നത്. എങ്കിലും നഷ്ടം സഹിച്ച് പൊടിയാക്കിയത് കര്‍ഷകരെ സംരക്ഷിക്കാനായിരുന്നു. ഇതിനാണ് ഇപ്പോള്‍ തടസ്സമുണ്ടായിരിക്കുന്നത്. പാല്‍സംഭരണത്തില്‍ ക്രമീകരണം വരുന്നതോടെ, പാല്‍ കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്. കാരണം ഒന്നര ലക്ഷത്തോളം കര്‍ഷകരാണ് മില്‍മ മലബാര്‍ റീജ്യണിന് കീഴില്‍ മാത്രമുള്ളത്.