ഏത്തമിടലും ലാത്തിയടിയുമില്ല ; ലോക്ക്ഡൗൺ ലംഘിച്ച് 'കറങ്ങാനിറങ്ങിയ' യുവാവിന് മാതൃകാശിക്ഷ നൽകി ജനമൈത്രി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 02:24 PM  |  

Last Updated: 31st March 2020 02:26 PM  |   A+A-   |  

 

കൊച്ചി: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് ഏത്തമിടീച്ചതും ലാത്തിക്ക് അടിച്ചതുമെല്ലാം വൻ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ നിയമം ലംഘിച്ചവരെ വേറിട്ടൊരു രീതിയിൽ കൈകാര്യം ചെയ്യുകയാണ് എറണാകുളം തൃക്കാക്കരയിലെ പൊലീസ്. ജനമൈത്രി പൊലീസിന്റെ മാതൃകാശിക്ഷാ നടപടി സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. 

ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയ യുവാവ് എറണാകുളം കങ്ങരപ്പടി ജങ്ഷനില്‍ വെച്ചാണ് തൃക്കാക്കര സ്റ്റേഷന്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് മുന്നിൽപ്പെട്ടത്. പൊലീസുകാർ പിടികൂടിയപ്പോൾ താൻ ചെയ്തത് തെറ്റാണെന്ന്  യുവാവ് സമ്മതിച്ചു. ഇതോടെ ചെയ്ത തെറ്റ് തിരിച്ചറിയാനും അത് മറ്റുള്ളവര്‍ ആവര്‍ത്തിക്കാതിരിക്കാനും നല്‍കുന്ന ബോധവത്കരണമാകണം ശിക്ഷയെന്ന് പൊലീസ് തീരുമാനിച്ചു. 

25 പേരെ ഫോണിലൂടെ വിളിച്ച് ബോധവത്കരണം നല്‍കിയാലേ കേസെടുക്കാതെ തിരികെ വിടൂ എന്ന് പൊലീസ് യുവാവിനെ അറിയിച്ചു. മൊബൈൽ ഫോൺ സ്പീക്കറിലിട്ട്, പൊലീസിന്  മുന്നിൽ വെച്ച് ബോധവത്കരണം നടത്തണം. പൊലീസിന്റെ നിർദേശം അനുസരിച്ച യുവാവ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടുകാരെയും വിളിച്ച് ബോധവത്കരണം നടത്തുന്നതായാണ് വീഡിയോയിലുള്ളത്.