കാസര്‍കോടിന് പ്രത്യേക കര്‍മ്മപദ്ധതി; പഞ്ചായത്ത് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 07:28 PM  |  

Last Updated: 31st March 2020 07:28 PM  |   A+A-   |  

pinarayi

 

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പിള്‍ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജില്ലയില്‍ മാസ്‌കുകള്‍ക്ക് ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്‌കുകള്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. നീരീക്ഷണത്തിലുള്ളത് 7733 പേരാണ്. ഇതില്‍ വീടുകളില്‍ 7570 പേരും ആശുപത്രികളില്‍ 163 പേരുമാണ് നീരീക്ഷണത്തിലുള്ളത്. പുതിയതായി 37 പേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 116 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. 479 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 467  പേരുടെ റിസള്‍ട്ട് ലഭിക്കാനുണ്ട്.