ജലദോഷത്തിന് ചികില്‍സ തേടിയെത്തി ; കൊറോണ സ്ഥിരീകരിച്ചു ; രോഗം പിടിപെട്ടത് എങ്ങനെയെന്നറിയാതെ അധികൃതര്‍

വിദേശ സമ്പര്‍ക്കം ഒന്നുമില്ലാത്തത് സാമൂഹിക വ്യാപനത്തിന്റെ തുടക്കമാണോ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചുവരികയാണ്
ജലദോഷത്തിന് ചികില്‍സ തേടിയെത്തി ; കൊറോണ സ്ഥിരീകരിച്ചു ; രോഗം പിടിപെട്ടത് എങ്ങനെയെന്നറിയാതെ അധികൃതര്‍

തിരുവനന്തപുരം : കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശയാത്രയോ, വിദേശത്തു നിന്നും എത്തിയവരുമായോ സമ്പര്‍ക്കമോ ഇദ്ദേഹത്തിന് ഉള്ളതായി കണ്ടെത്താനായിട്ടില്ല. ഇതോടെ ഇയാള്‍ക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നത് സംബന്ധിച്ച് കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയായി. 

വിദേശ സമ്പര്‍ക്കം ഒന്നുമില്ലാത്തത് സാമൂഹിക വ്യാപനത്തിന്റെ തുടക്കമാണോ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചുവരികയാണ്.  ജലദോഷത്തിന് ചികില്‍സ തേടിയാണ് ആബ്ദുള്‍ അസീസ് വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആദ്യം ചികില്‍സ തേടി എത്തുന്നത്. 

എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. 23 നാണ് അസീസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ അസീസിന്റെ ഫലം നെഗറ്റീവായിരു്ന്നു. എന്നാല്‍ രോഗാവസ്ഥ വഷളായ സാഹചര്യത്തില്‍ രണ്ടാമതു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 

റിട്ടയേഡ് എഎസ്‌ഐയാണ് മരിച്ച അബ്ദുള്‍ അസീസ്. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുനിന്നെത്തിയ രോഗബാധിതരുമായി ഇടപഴകിയിട്ടുമില്ല. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇദ്ദേഹം പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍ സാന്നിധ്യവും പരിശോധിക്കുകയാണ്. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com