ജോലിയില്‍ നിന്നും വിരമിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 50,000 രൂപ 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 07:46 PM  |  

Last Updated: 31st March 2020 07:46 PM  |   A+A-   |  

 

കൊച്ചി: ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രേണുവിന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമായിരുന്നു മാര്‍ച്ച് 31. കോ വിഡ് ഭീതിയില്‍ പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി മാതൃക കാട്ടിയാണ് അവര്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനില്‍ കുമാറിന് ചെക്ക് കൈമാറി. 

31 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതിതല്‍ സന്തോഷമുണ്ടെന്ന് ആര്‍ രേണു പറഞ്ഞു. 

1988 ല്‍ ഇടുക്കിയില്‍ എല്‍ഡി ക്ലാര്‍ക്ക് ആയിട്ടായിരുന്നു ജോലിയില്‍ പ്രവേശം. 1995 മുതല്‍ 16 വര്‍ഷം തുടര്‍ച്ചയായി എറണാകുളം കളക്ട്രേറ്റില്‍ സേവനമനുഷ്ഠിച്ചു. ആറു വര്‍ഷത്തോളം ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍ തസ്തികകളില്‍ മറ്റു ജില്ലകളിലും ജോലി ചെയ്തു. 2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന്റെ സമയത്ത് പാലക്കാട് ആര്‍ ഡി ഒ ആയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം കൊച്ചി മെട്രോയിലെ സ്ഥലമേറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാരായിരുന്നപ്പോഴാണെന്ന് രേണു പറയുന്നു. 2014 ലാണ് ഈ ചുമതലയേറ്റെടുക്കേണ്ടി വന്നത്. മൂന്ന് വര്‍ഷമാണ് തഹസില്‍ദാരായി ജോലിയിലുണ്ടായിരുന്നത്. അന്ന് 60 ഓളം കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നു. അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വലിയ പിന്തുണയാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു

ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാനായിട്ടില്ല. ഇനി കുടുംബത്തോടൊപ്പം ചെലവഴിക്കണം. പിന്നെ യാത്ര, വായന  വിശ്രമജീവിതത്തിലും ചില പ്ലാനുകളെല്ലാമുണ്ട് ഡെപ്യൂട്ടി കളക്ടര്‍ക്ക്. മെയ് 31 നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കേണ്ടത്. എന്നാല്‍ രണ്ടു മാസം മുന്‍പ് അവധിയില്‍ പ്രവേശിക്കുന്നതിനാലാണ് മാര്‍ച്ച് 31ന് രേണുക ഒദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.