ഡോക്ടറുടെ കുറിപ്പടിയോടെ വന്നാല്‍ മദ്യം, സര്‍ക്കാര്‍ ഉത്തരവ്‌ പാലിക്കില്ലെന്ന്‌ കെജിഎംഒഎ

മദ്യം കിട്ടാത്തതിലെ പ്രയാസം മൂലം സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച രണ്ട്‌ പേര്‍ കൂടി ആത്മഹത്യ ചെയ്‌തിരുന്നു
ഡോക്ടറുടെ കുറിപ്പടിയോടെ വന്നാല്‍ മദ്യം, സര്‍ക്കാര്‍ ഉത്തരവ്‌ പാലിക്കില്ലെന്ന്‌ കെജിഎംഒഎ


തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. മദ്യത്തിന്‌ കുറിപ്പ്‌ നല്‍കില്ലെന്ന്‌ കെജിഎംഒഎ വ്യക്തമാക്കി. ഇതിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടുമെന്നും, സര്‍ക്കാര്‍ നടപടി എടുത്താല്‍ ജോലിയില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു.

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന്‌ വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക്‌ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാമെന്ന ഉത്തരവ്‌ സര്‍ക്കാര്‍ തിങ്കളാഴ്‌ച പുറത്തിറക്കുകയായിരുന്നു.  മദ്യം ലഭ്യമാക്കാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും. ഒരാൾക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ല എന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്‌.

മദ്യം കിട്ടാത്തതിലെ പ്രയാസം മൂലം സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച രണ്ട്‌ പേര്‍ കൂടി ആത്മഹത്യ ചെയ്‌തിരുന്നു.തൃശൂര്‍ വെങ്ങിണിശേരി , ആലപ്പുഴ ഗോവിന്ദമുട്ടം എന്നിവിടങ്ങളിലായിരുന്നു മരണം. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷൈബു ബണ്ട്‌ ചാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മൂന്നാമത്തെ മരണമാണ്‌ ഇത്‌.

കായംകുളം ഗോവിന്ദമുട്ടം സ്വദേശി രമേശ്‌ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിമുക്ത ഭടന്മാരുടെ പക്കലുള്‍പ്പെടെ ഇയാള്‍ മദ്യം അന്വേഷിച്ച്‌ പോയിരുന്നു. ആലപ്പുഴ ജില്ലയില്‍ മദ്യം കിട്ടാതെയുള്ള മൂന്നാമത്തെ മരണമാണ്‌ ഇത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com