നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ആലപ്പുഴക്കാരും; ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേരെ തിരിച്ചറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 12:50 PM  |  

Last Updated: 31st March 2020 12:50 PM  |   A+A-   |  

 

ആലപ്പുഴ: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ആലപ്പുഴ സ്വദേശികളും. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ആറ് ആലപ്പുഴ സ്വദേശികളെ തിരിച്ചറിഞ്ഞു. സംഘത്തില്‍ ഡോക്ടറുമുണ്ട്. മാര്‍ച്ച് 22ന് നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്.

മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. പത്തനംതിട്ട അമീര്‍ ആണ്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പത്തനംതിട്ടക്കാര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആറുപേര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. ഇവര്‍ക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തോ എന്ന കാര്യവും ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചുവരികയാണ്.

മതസമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളാണ് കൊറോണ ബാധിച്ച് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേരെ ഇന്നലെ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. കൂടുതല്‍ പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു. 

നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. 

സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവപ്പോള്‍, ഡല്‍ഹി, യുപി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരും ഇവരോടൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി.