പോത്തന്‍കോട് സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, പഞ്ചായത്തില്‍ അടുത്ത മൂന്നാഴ്ച ക്വാറന്റൈന്‍

പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസിന് എങ്ങനെയാണ് കോവിഡ് ബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് മന്ത്രി മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയത്
പോത്തന്‍കോട് സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, പഞ്ചായത്തില്‍ അടുത്ത മൂന്നാഴ്ച ക്വാറന്റൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത് കോവിഡ് ബാധിച്ച് മരിച്ച 68 വയസ്സുകാരന്റെ സ്വദേശമായ തിരുവനന്തപുരം പോത്തന്‍കോട് മേഖലയിലെ എല്ലാവരും സമ്പൂര്‍ണ ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. മൂന്നാഴ്ച കാലത്തേയ്ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ എല്ലാവരും ക്വാറന്റൈനില്‍ കഴിയണമെന്ന് കടകംപളളി അഭ്യര്‍ത്ഥിച്ചു. പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസിന് എങ്ങനെയാണ് കോവിഡ് ബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് മന്ത്രി മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയത്.

പോത്തന്‍കോട് മേഖലയിലെ ജനങ്ങള്‍ എല്ലാവരും ഇത് പാലിക്കണം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അഭ്യര്‍ത്ഥന. അബ്ദുള്‍ അസീസിന്റെ റൂട്ട്മാപ്പ് വീണ്ടും പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലുളളവരെ മുഴുവന്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. രോഗലക്ഷണമുളളവര്‍ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കടകംപളളി ആവശ്യപ്പെട്ടു.

അതിനിടെ, പോത്തന്‍കോട് മേഖലയിലെ ജനപ്രതിനിധികളുമായി കടകംപളളി ചര്‍ച്ച നടത്തും. ഇതിനായി അദ്ദേഹം യോഗം വിളിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. വിദേശത്ത് നിന്നും എത്തിയവരുമായി അബ്ദുള്‍ അസീസ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കടകംപളളി സംശയം പ്രകടിപ്പിച്ചിരുന്നു. അബ്ദുള്‍ അസീസിന് രോഗം ബാധിച്ചത് എങ്ങനെയാണ് എന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്.

തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന അബ്ദുള്‍ അസീസ് അര്‍ധരാത്രിയാണ് മരിച്ചത്.  68 വയസ്സായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുള്‍ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷവുമായാണ് ആദ്യം ചികില്‍സ തേടി എത്തിയത്. 

എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com