ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് എന്നിവ പുതുക്കാനുള്ള കാലാവധി നീട്ടി 

സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം
ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് എന്നിവ പുതുക്കാനുള്ള കാലാവധി നീട്ടി 

തിരുവനന്തപുരം : ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് എന്നിവ പുതുക്കാനുള്ള കാലാവധി നീട്ടി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. രേഖകള്‍ പുതുക്കാന്‍ ആളുകള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് രേഖ പുതുക്കാനും ഇത് ബാധകമാകും.  

ലോക്ക് ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്.

അതേസമയം വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ഇളവുകള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നവര്‍ ഓണ്‍ലൈനിലൂടെ ഇത് പുതുക്കണം. ഏജന്റുമാര്‍, ഡീലര്‍മാര്‍ എന്നിവരെ വിളിച്ചും ഇതു ചെയ്യാം. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com