വീടുകളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക; ജോലികളിൽ പരസ്പരം സഹായിക്കുക; മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 07:31 PM  |  

Last Updated: 31st March 2020 07:31 PM  |   A+A-   |  

pinarayi

 

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ സാഹചര്യവും വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പ്രധാനം പരസ്പരമുള്ള ആശയ വിനിമയമാണ്. കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി കാര്യങ്ങള്‍ പങ്കുവെയ്ക്കുക ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പല വീടുകളിലും സ്ത്രീകള്‍ മാത്രമായിട്ടാണ് ജോലി ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അൽപ്പം ചില കാര്യങ്ങള്‍ സഹായിച്ച് കൊടുക്കുന്നത് വലിയ തോതില്‍ സ്ത്രീ ജനങ്ങള്‍ക്ക് ഉത്തേജനമാകും. അത്തരം കാര്യങ്ങളും വീടിന്റെ അന്തരീക്ഷം നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതുമായി കുറച്ച് പൊരുത്തപ്പെട്ടിട്ടുണ്ടാകും. വീടിന്റെ അന്തരീക്ഷത്തിലും ഇത് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ വീടിന് ഏറ്റവും അടുത്ത വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാഗങ്ങളുടെ സഹായത്തോടെ ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയില്‍നിന്ന് മോചനം നേടാന്‍ മദ്യത്തിന് അടിപ്പെട്ടു പോയവര്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

വീട്ടില്‍ തുടര്‍ച്ചയി കഴിയുമ്പോള്‍ അപൂര്‍വം വീടുകളില്‍ ഗാര്‍ഹിക അതിക്രമം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കൺവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ വലിയ തോതില്‍ പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.