'ഈ പോരാട്ടം വിജയം കാണുക തന്നെ ചെയ്യും'; ആരോഗ്യപ്രവര്‍ത്തകരുടെ സേവനം മഹത്തരം, മെയ് ദിനാശംസകള്‍ നേര്‍ന്ന് മന്ത്രി ശൈലജ

കോവിഡിനെതിരെയുളള പോരാട്ടം വിജയം കാണുക തന്നെ ചെയ്യുമെന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി എല്ലാ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍ നേര്‍ന്നത്.
'ഈ പോരാട്ടം വിജയം കാണുക തന്നെ ചെയ്യും'; ആരോഗ്യപ്രവര്‍ത്തകരുടെ സേവനം മഹത്തരം, മെയ് ദിനാശംസകള്‍ നേര്‍ന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം: ലോകമൊട്ടാകെ കോവിഡിന്റെ ഭീതിയില്‍ നില്‍ക്കുന്ന വേളയിലാണ് മെയ് ദിനം കടന്നുവന്നത്. കോവിഡിന് എതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലീനിങ് തൊഴിലാളികള്‍, പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, വൈറസിന്റെ വ്യാപനത്തെ തടയാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുവഴി തേടുന്നവര്‍ എന്നിവരെ പ്രത്യേകം എടുത്ത് പറഞ്ഞ് മെയ് ദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിനെതിരെയുളള പോരാട്ടം വിജയം കാണുക തന്നെ ചെയ്യുമെന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി എല്ലാ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍ നേര്‍ന്നത്.

'ലോകത്തിലെ നാനാവിഭാഗം ജനങ്ങളും കോവിഡിനെതിരെയുളള ഒന്നിച്ചുള്ള പോരാട്ടത്തിലാണ്. ലോകത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ കേരളം ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. നമ്മുടെ ഡോക്ടര്‍മാരും നേഴ്‌സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമായി. ഈ പ്രതിരോധത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ തൊഴിലാളികളുടെയും പങ്ക് മഹത്തരമാണ്. ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് നമ്മുടെ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ടു നയിക്കപ്പെടുന്നത്.'

ഇതിനിടയില്‍ ജോലിയും ജീവിത മാര്‍ഗവും നഷ്ടപ്പെട്ട നമ്മുടെ തൊഴിലാളികളോട് ഐക്യപ്പെടേണ്ടതുണ്ട്. കേരളം അതിന്റെ ഉത്തമ മാതൃക മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സംരംഭങ്ങളും, തരിശുനിലങ്ങളില്‍ കൃഷിയിറക്കലും, അവശ്യസാധനങ്ങളുടെ കിറ്റ് വിതരണവും, പല സംഘടനകളും നടത്തുന്ന സഹായങ്ങളും സേവനങ്ങളും എടുത്തുപറയേണ്ടതാണെന്നും ആരോഗ്യമന്ത്രി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com