പൊതുഗതാഗതം ഉടനില്ല ; സോണുകളുടെ മാറ്റം വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷം : ചീഫ് സെക്രട്ടറി

കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും മെയ് നാലു മുതലുള്ള നിയന്ത്രണങ്ങള്‍. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ചീഫ് സെക്രട്ടറി
പൊതുഗതാഗതം ഉടനില്ല ; സോണുകളുടെ മാറ്റം വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷം : ചീഫ് സെക്രട്ടറി


തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. സംസ്ഥാനത്തെ ഇളവുകള്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും മെയ് നാലു മുതലുള്ള നിയന്ത്രണങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനം ഇളവുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം. കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുകയാണ്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവ് അല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകുമെന്നാണ് കേന്ദ്ര മാനദണ്ഡം. വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ സോണുകള്‍ മാറാം.

ഗ്രീന്‍ സോണായി കേന്ദ്രം പ്രഖ്യാപിച്ചവയെ ഓറഞ്ച് സോണ്‍ പട്ടികയില്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാകും. കേരളത്തിലെ സോണുകളുടെ മാറ്റം വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം മാത്രമാകും ഉണ്ടാകുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com