മാവോയിസ്റ്റ് ബന്ധം : കോഴിക്കോട് മൂന്നു യുവാക്കള്‍ എന്‍ഐഎ കസ്റ്റഡിയില്‍ ; പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധമുള്ളതായി സൂചന

വയനാട് സ്വദേശികളായ രണ്ടുപേരും ഒരു കോഴിക്കോട് സ്വദേശിയെയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്
മാവോയിസ്റ്റ് ബന്ധം : കോഴിക്കോട് മൂന്നു യുവാക്കള്‍ എന്‍ഐഎ കസ്റ്റഡിയില്‍ ; പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധമുള്ളതായി സൂചന

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ മൂന്നുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു കോഴിക്കോട് സ്വദേശിയെയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശികളായ എല്‍ദോ, വിജിത്ത് കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സ്വദേശി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് യുവാക്കളെ ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇവര്‍ താമസിച്ചിരുന്ന പരിയങ്ങാട്ടെ വാടകവീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും നല്‍കിയ മൊഴിയിലും പെരുവയലിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് വിവരം.  ഇതെത്തുടര്‍ന്നായിരുന്നു പരിയങ്ങാട്ടെ വാടക വീട്ടിലെ പരിശോധന.

ലോക്ഡൗണ്‍ കാലയളവിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ ഇവിടേക്ക് എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ചില പ്രസിദ്ധീകരണങ്ങളും, സിം കാര്‍ഡും, ലഘുലേഖകളും കണ്ടെടുത്തുവെന്നാണ് സൂചന. വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ജലീലിന്റെ തറവാട്ടിലും സഹോദരന്റെ വീട്ടിലുമാണ് പാണ്ടിക്കാട്, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com