വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തി; സംസ്ഥാനത്ത് മൂന്ന് ഗ്രീന്‍ സോണുകള്‍

വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണുകളുടെ എണ്ണം മൂന്നായി
വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തി; സംസ്ഥാനത്ത് മൂന്ന് ഗ്രീന്‍ സോണുകള്‍

തിരുവനന്തപുരം:  വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണുകളുടെ എണ്ണം മൂന്നായി. വയനാട്ടില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര മാനദണ്ഡപ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

21 ദിവസം പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്നത്. ഇതനുസരിച്ചാണ് തൃശൂരിനെയും ആലപ്പുഴയെയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയത്. വയനാട്ടില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടയാണ് വയനാട്ടിനെ ഒഴിവാക്കിയത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗ്രീന്‍ സോണ്‍ പട്ടിയില്‍ വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. 

സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21894 പേര്‍ നിരീക്ഷണത്തിലാണ്. 21494 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.  410പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 80പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 31183 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30358 പേരുടെ ഫലം നെഗറ്റീവാണ്. 2093 മുന്‍ഗണന സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1234പേരുടെ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 80 ഹോട്ട്‌സപോട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സപോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍. കാസര്‍കോട് 22പേര്‍ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com