കണ്ണുവെട്ടിച്ച് കൊറോണ കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ അസം സ്വദേശിയുടെ ശ്രമം ; ജനാല വഴി മൂന്നാം നിലയിലെ സണ്‍സൈഡിലെത്തി ; ഗാര്‍ഡിന്റെ തന്ത്രത്തില്‍ കുടുങ്ങി

മുറിയുടെ ജനല്‍ വഴി എങ്ങിനെയോ പുറത്തു കടന്ന യുവാവ് ആശുപത്രിയുടെ മൂന്നാം നിലയുടെ സണ്‍സൈഡില്‍ എത്തി
കണ്ണുവെട്ടിച്ച് കൊറോണ കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ അസം സ്വദേശിയുടെ ശ്രമം ; ജനാല വഴി മൂന്നാം നിലയിലെ സണ്‍സൈഡിലെത്തി ; ഗാര്‍ഡിന്റെ തന്ത്രത്തില്‍ കുടുങ്ങി


കൊച്ചി : ഒരാഴ്ചയായി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അതിഥിത്തൊഴിലാളിയായ യുവാവ് മുറിയില്‍ നിന്നും ചാടി കെട്ടിടത്തിന്റെ മൂന്നാം നിലയുടെ  സണ്‍സൈഡില്‍ എത്തി. ഇതോടെ ആശുപത്രി വളപ്പിലും പരിസരത്തും പരിഭ്രാന്തി പടര്‍ന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആദ്യം യുവാവ് താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല.

തൃപ്പൂണിത്തുറ പുതിയകാവിലെ ഗവ. ആയുര്‍വേദ കോളേജാശുപത്രിയിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുറിയുടെ പുറത്തെത്തിയത്. മുറിയുടെ ജനല്‍ വഴി എങ്ങിനെയോ പുറത്തു കടന്ന യുവാവ് ആശുപത്രിയുടെ മൂന്നാം നിലയുടെ സണ്‍സൈഡില്‍ എത്തി. ഇതുകണ്ട് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും റെയില്‍പ്പാത വഴി നടന്നുവരവേ നെടുമ്പാശ്ശേരിയില്‍ പൊലീസ് പിടികൂടി പരിശോധനകള്‍ നടത്തി കഴിഞ്ഞ 22ന് ഇവിടത്തെ കൊറോണ കെയര്‍ സെന്ററില്‍ എത്തിച്ചതായിരുന്നു യുവാവിനെ.

പൊലീസും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ യൂണിറ്റും വലയും മറ്റ് സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തി. യുവാവിനോട് ഇറങ്ങി വരാന്‍ പറഞ്ഞെങ്കിലും ആദ്യം കൂട്ടാക്കിയില്ല. യുവാവിന്റെ ഭാഷയറിയാവുന്ന ഒരു ഗാര്‍ഡ് ആവശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പോകണമെന്നായിരുന്നു പറഞ്ഞത്. ആലുവയില്‍ നിന്നും ഇപ്പോള്‍ തീവണ്ടിയുണ്ടെന്നും താഴെയിറങ്ങി വന്നാല്‍ നാട്ടിലേക്ക് ആ തീവണ്ടിയില്‍ അയയ്ക്കാം എന്നും മയത്തില്‍ പറഞ്ഞതോടെ യുവാവ് താഴെയിറങ്ങാന്‍ തയ്യാറായി.

താഴെയെത്തിയ യുവാവിനോട് ബാഗും മറ്റുമുണ്ടെങ്കില്‍ എടുത്തോളാന്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ കെയര്‍ സെന്ററിലേക്ക് കൊണ്ടുപോയി.
അതോടെയാണ് ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും അഗ്‌നിരക്ഷാസേനയ്ക്കും ആശ്വാസമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com