പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക്; യാത്രക്കാരുടെ പട്ടിക തയ്യാറാക്കി; ദിവസവും സര്‍വീസ്

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക്
പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക്; യാത്രക്കാരുടെ പട്ടിക തയ്യാറാക്കി; ദിവസവും സര്‍വീസ്

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക്. വ്യാഴാഴ്ച രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. യുഎഇയില്‍ നിന്നുമാണ് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തുന്നത്.

യുഎഇയില്‍ നിന്ന കപ്പല്‍ മാര്‍ഗം കൊണ്ടുവരുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അക്കാര്യം താത്കാലികമായി പരിഗണനയില്‍ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദിവസവും പ്രവാസികളുമായി വിമാനങ്ങള്‍ എത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനങ്ങളില്‍ വരേണ്ട യാത്രക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസി തയ്യറാക്കി.

വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള  പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം.കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇവര്‍ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. രാജ്യത്തെത്തിയതിനു പിന്നാലെ ഇവര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള പണം പ്രവാസികള്‍ തന്നെ നല്‍കണം. 14  ദിവസത്തെ ക്വാറന്റൈനു ശേഷം വീണ്ടും പരിശോധന നടത്തും. ശേഷമുളള കാര്യങ്ങള്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം തീരുമാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com