മലയാറ്റൂര്‍ കുരിശുമുടി റെക്ടറുടെ കൊലപാതകം; മുന്‍ കപ്യാര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
ഫാ. സേവ്യര്‍ തേലക്കാട്ട്‌
ഫാ. സേവ്യര്‍ തേലക്കാട്ട്‌

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് വിധി പ്രസ്താവിച്ചത്. 2018 മാര്‍ച്ച് ഒന്നിന് മലയാറ്റൂര്‍ കുരിശുമുടി കാനനപാതയില്‍ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്.

അമിതമദ്യപാനത്തെ തുടര്‍ന്നു ജോണിയെ കപ്യാര്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഏപ്രിലില്‍ നടക്കുന്ന തിരുനാളിനു മുന്‍പ് ജോലിയില്‍ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീര്‍ഥാടക കേന്ദ്രത്തില്‍നിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.

ഇടതു തുടയുടെ മേല്‍ഭാഗത്താണു കുത്തേറ്റത്. ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ ചുമന്നു താഴ്‌വാരത്ത് എത്തിച്ചശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിച്ചു. രക്തധമനി മുറിഞ്ഞിരുന്നതാണ് മരണത്തിന് ആക്കം കൂട്ടിയത്. കാലടി ഇന്‍സ്‌പെക്ടര്‍ സജി മാര്‍ട്ടിനാണു കേസന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. 

ജോണി ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്താനുപയോഗിച്ച കത്തി സംഭവ സ്ഥലത്തിനടുത്തു തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകശേഷം പകലും രാത്രിയും കാട്ടില്‍ കഴിഞ്ഞ പ്രതി പിടിയിലാകുമ്പോള്‍ അവശനിലയിലായിരുന്നു. ഷര്‍ട്ടും അടിവസ്ത്രവും മാത്രമാണു ധരിച്ചിരുന്നത്. ആക്രമണ സമയത്തു ജോണി കാവി നിറത്തിലുള്ള മുണ്ടുടുത്തിരുന്നു. കാട്ടിനുള്ളിലെ മരത്തില്‍ ഇയാള്‍ മുണ്ടു കെട്ടി ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍ രണ്ടു പേര്‍ സംഭവം കോടതിയില്‍ വിവരിച്ചതു വൈകാരിക രംഗങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. കുത്തേറ്റു വീണ ഫാ.സേവ്യറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ദൃക്‌സാക്ഷിക്കു നേരെ കത്തിവീശിയ പ്രതി ജോണി 'അച്ചന്‍ അവിടെ കിടന്നു മരിക്കട്ടെ'യെന്ന് ആക്രോശിച്ചതായും സാക്ഷി മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com