ക്രൈം ത്രില്ലറുകള്‍ മാതൃകയാക്കി ആസൂത്രണം ; സ്‌നേഹം നടിച്ച്  പാലക്കാടെത്തിച്ചു, മഹാരാഷ്ട്രയിലേക്ക് ഫോണ്‍കോള്‍;  വിഷം കൊടുത്തശേഷം കേബിള്‍ കഴുത്തില്‍ മുറുക്കി

സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്
ക്രൈം ത്രില്ലറുകള്‍ മാതൃകയാക്കി ആസൂത്രണം ; സ്‌നേഹം നടിച്ച്  പാലക്കാടെത്തിച്ചു, മഹാരാഷ്ട്രയിലേക്ക് ഫോണ്‍കോള്‍;  വിഷം കൊടുത്തശേഷം കേബിള്‍ കഴുത്തില്‍ മുറുക്കി


കൊല്ലം:  ബ്യൂട്ടിഷ്യനായിരുന്ന സുചിത്ര പിള്ളയെ സ്‌നേഹം നടിച്ച്  കൊല്ലത്തുനിന്നു പാലക്കാടെത്തിച്ച്, വിഷം കൊടുത്തശേഷം പ്രതി കേബിള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.  പ്രതിയായ സുഹൃത്ത് പ്രശാന്തിനെ(32) എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച പാലക്കാട്ട് പ്രശാന്തിനെ തെളിവെടുപ്പിന് എത്തിക്കും.

തെളിവുകള്‍ ഇല്ലാതാക്കാന്‍ സിനിമകളിലെ ക്രൈം ത്രില്ലറുകളെ മാതൃകയാക്കിയാണ് പ്രതി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്.

ബന്ധം ശക്തമായപ്പോള്‍ പ്രശാന്തുമായി സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി. ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തര്‍ക്കം പതിവായി. വിവാഹം കഴിക്കണമെന്ന സുചിത്രയുടെ ആവശ്യവും ബന്ധം വഷളാക്കി. ഇതോടെ സുചിത്രയെ ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു.

പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ പ്രശാന്ത് കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കി. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്. ആദ്യ ദിവസം സുചിത്രയോട് സ്‌നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു.

സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വരുന്നതോടെ അന്വേഷണം ആ വഴിയ്ക്ക് തിരിയുമെന്ന് പ്രസാന്ത് കണക്കുകൂട്ടി. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞു. ഫോണിനായുള്ള അന്വേഷണം തുടരുകയാണ്.

ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com