പ്രവാസികള്‍ കണ്ണൂരില്‍ ഇറങ്ങില്ല; വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കി

നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 69120 പേര്‍ കണ്ണൂരിലേക്കു വരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്
പ്രവാസികള്‍ കണ്ണൂരില്‍ ഇറങ്ങില്ല; വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കി

തിരുവനന്തപുരം:  പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 69120 പേര്‍ കണ്ണൂരിലേക്കു വരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ലോക്ള്‍ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ മറ്റു വിമാനത്താവളങ്ങളില്‍ വിമാനമിറങ്ങിയാല്‍ അവര്‍ക്കു നാട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്നു പ്രവാസികള്‍ നാട്ടിലേക്കു വരാനുള്ള നടപടികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരൂ എന്നാണു സൂചന. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചു ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേര്‍ വരും. തിരിച്ചുവരാന്‍ റജിസ്റ്റര്‍ ചെയ്തത് 4,42,000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ പുതുക്കാനാവാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ഡൗണ്‍ കാരണം മാതാപിതാക്കളില്‍നിന്നു വിട്ടു നില്‍ക്കുന്നവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍, വീസ കാലാവധി കഴിഞ്ഞവര്‍ എന്നീ വിഭാഗങ്ങളിലുള്ളവരെ ആദ്യഘട്ടത്തില്‍ത്തന്നെ നാട്ടിലെത്തിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല, കേന്ദ്രസര്‍ക്കാരോ എംബസിയോ വിവരങ്ങള്‍ തന്നിട്ടുമില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച്, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്തുനിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. കോവിഡ് ടെസ്റ്റില്ലാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് യാത്ര തിരിക്കുന്നതിനു മുന്‍പ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനത്തില്‍ 200 പേരാണ് ഉണ്ടാകുക. ഇതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇടയാക്കും. ഇതു രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമാണ്. എല്ലായിടത്തും രോഗവ്യാപന സാധ്യത വര്‍ധിക്കും. കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയായ പദ്ധതിയാണ് ആവിഷ്‌കരിച്ചത്.

വിമാനങ്ങളില്‍ വരുന്നവരെ നേരെ വീട്ടിലേക്ക് അയയ്ക്കാന്‍ കഴിയില്ല. 7 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തും. നെഗറ്റീവായാല്‍ വീട്ടിലേക്ക് അയയ്ക്കും. പോസിറ്റീവായാല്‍ ആശുപത്രിയിലേക്ക് അയയ്ക്കും. വീട്ടില്‍ പോകുന്നവര്‍ ഒരു ആഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. 2 ലക്ഷം ആന്റ് ബോഡി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com