ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം, മാസ്‌ക് ധരിക്കണം; കോവിഡ് ജാഗ്രതയോടെ വമ്പന്‍ ചീട്ടുകളി, നിരീക്ഷണത്തിന് രഹസ്യസംഘം; അമ്പരന്ന് പൊലീസ് 

നെടുങ്കണ്ടം മേഖലയിലെ ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന
ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം, മാസ്‌ക് ധരിക്കണം; കോവിഡ് ജാഗ്രതയോടെ വമ്പന്‍ ചീട്ടുകളി, നിരീക്ഷണത്തിന് രഹസ്യസംഘം; അമ്പരന്ന് പൊലീസ് 

ഇടുക്കി: നെടുങ്കണ്ടം മേഖലയിലെ ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. രണ്ട് കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. 10,750 രൂപ പിടിച്ചെടുത്തു.

ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനത്തില്‍ ചീട്ടുകളി നടത്തിയ സംഘത്തെയാണ് പിടികൂടിയത്. ചീട്ടുകളിക്കായി ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിനെ അമ്പരപ്പിച്ചു.

ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല. പൊലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍. ഇവര്‍ക്ക് ദിവസവും 400 രൂപ ശമ്പളം. ഇത്തരം ക്രമീകരണങ്ങള്‍ ഒരുക്കിയാണ് ചീട്ടുകളി സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

സമ്പര്‍ക്കവിലക്ക് തുടങ്ങിയതു മുതല്‍ ഇവിടെ പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. 15 ദിവസമായി ചീട്ടുകളി കേന്ദ്രം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്ക് ചില പൊതുപ്രവര്‍ത്തകരടക്കം എത്തിയതറിഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് മുമ്പ് ചീനിപ്പാറയ്ക്കുള്ള വഴിയില്‍ വിവിധയിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന ചാരന്‍മാരെ പിടികൂടി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നും നെടുങ്കണ്ടം പൊലീസ് അറിയിച്ചു. ഇവിടെനിന്ന് 4000 രൂപയും പിടികൂടി.

രണ്ടാമത്തെ കേസില്‍ ബാലന്‍പിള്ള സിറ്റിയില്‍ ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടി. 6750 രൂപ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com