നീല കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നാളെ മുതല്‍ ; വെള്ളിയാഴ്ച പൂജ്യം നമ്പറിന് ,  ഈ മാസം 10 കിലോ അരി അധികമായി ലഭിക്കും

റേഷന്‍ കാര്‍ഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി വിതരണത്തിന് തീയതി ക്രമീകരിച്ചിട്ടുണ്ട്
നീല കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നാളെ മുതല്‍ ; വെള്ളിയാഴ്ച പൂജ്യം നമ്പറിന് ,  ഈ മാസം 10 കിലോ അരി അധികമായി ലഭിക്കും

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുകാര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നാളെ മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി വിതരണത്തിന് തീയതി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കാര്‍ഡ് നമ്പരിന്റെ അവസാന അക്കം പൂജ്യം വരുന്നവര്‍ക്ക് സൗജന്യ കിറ്റ് നല്‍കും. ഒമ്പതിന് -ഒന്ന്, 11ന് -രണ്ട്, മൂന്ന്, 12ന്-നാല്, അഞ്ച്, 13ന് -ആറ്, ഏഴ്, 14ന് -എട്ട്, ഒമ്പത്  എന്നിങ്ങനെയാണ് ക്രമീകരണം.

ഈ മാസം 15 മുതല്‍ മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) സൗജന്യ കിറ്റ് വിതരണം ആരംഭിക്കും. എഎവൈ, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം കാര്‍ഡൊന്നിന് ഒരു കിലോ വീതം ചെറുപയര്‍ സൗജന്യമായി  ലഭിക്കും.

ഇതു കൂടാതെ ഈ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം നീല ,വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി അധികമായി ഈ മാസം ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് ഇത് ലഭിക്കുക. ഏഴു കിലോ പുഴുക്കലരിയും മൂന്നുകിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക.

കൂടാതെ നീല കാര്‍ഡ് ഉടമകള്‍ക്ക് ഓരോ കാര്‍ഡിനും ലഭ്യതക്കനുസരിച്ച് മൂന്നു കിലോവരെ ആട്ട 17 രൂപ നിരക്കിലും ലഭ്യമാക്കും. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗക്കാര്‍ക്ക് കാര്‍ഡൊന്നിന് രണ്ടു കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ആട്ട 17 രൂപയ്ക്കും ലഭിക്കും. എല്ലാ വിഭാഗത്തിലുംപെട്ട വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍കാര്‍ഡിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക്  നാല് ലിറ്ററും മണ്ണെണ്ണ 18രൂപ നിരക്കില്‍ ലഭിക്കും. ഏപ്രിലില്‍ മണ്ണെണ്ണ വാങ്ങാത്തവര്‍ക്ക് ഈമാസത്തെ വിഹിതത്തോടൊപ്പം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com