അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ല; വിശദീകരണവുമായി ഡിഎംഒ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം കോവിഡ് 19 ബാധിച്ചിട്ടല്ലെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ഡിഎംഒ വ്യക്തമാക്കി. 

കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് നിരീക്ഷണത്തിലായിരുന്നു. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. 

അട്ടപ്പാടി  വരഗംപാടി ഊരിലെ 23 വയസുളള കാര്‍ത്തിക്കാണ് മരിച്ചത്. വൃക്ക രോഗത്തിന് ചികില്‍സയിലിരിക്കെ പനി ലക്ഷണങ്ങള്‍ സംശയിച്ച് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ നിന്ന് മഞ്ചേരി മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം. കോയമ്പത്തൂരില്‍ നിന്ന് വനപാതയിലൂടെ നടന്നെത്തിയ യുവാവിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ വീട്ടില്‍ നിരീക്ഷണത്തിലാക്കി ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏപ്രില്‍ 29ന് കോയമ്പത്തൂരില്‍ നിന്ന് വനപാതയിലൂടെ നടന്നാണ് കാര്‍ത്തിക് എത്തിയത്. യാത്രയില്‍ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്ന യുവാവിന് വയറുവേദന അനുഭവപ്പെട്ട് കഴിഞ്ഞ ആറിന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സ്വയം ചികിത്സ തേടി. യുവാവ് കോവിഡ് നിരീക്ഷണത്തിലിരുന്ന ആളാണെന്ന് ആശുപത്രിക്കാര്‍ മനസിലാക്കിയിരുന്നില്ല. 

രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ മറ്റ് രോഗികളോടൊപ്പം വാഹനത്തില്‍ തുടര്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുണ്ടായി. കോവിഡ് ലക്ഷണങ്ങള്‍ സംശയിച്ച ഡോക്ടര്‍മാര്‍ കാര്‍ത്തിക്കിന് വെന്റിലേറ്റര്‍ ഉള്‍പ്പെടെ ക്രമീകരിച്ച്, മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com