ഒരേ രാഷ്ട്രീയത്തിന്റെ പോരാട്ട മാതൃക; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെയും വിയറ്റ്‌നാമിനെയും പ്രശംസിച്ച് ദ ഇക്കണോമിസ്റ്റ്

2018ല്‍ നിപാ വൈറസിനെ നേരിടുന്നതില്‍ കൈക്കൊണ്ട നടപടികളുടെ ആവര്‍ത്തനമാണ് കേരളത്തെ രക്ഷിച്ചതെന്നും ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ഒരേ രാഷ്ട്രീയത്തിന്റെ പോരാട്ട മാതൃക; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെയും വിയറ്റ്‌നാമിനെയും പ്രശംസിച്ച് ദ ഇക്കണോമിസ്റ്റ്


കോവിഡ് 19 നേരിടുന്നതില്‍ വിയറ്റ്‌നാമും ഇന്ത്യന്‍ സംസ്ഥാനമായ കേരളവും പ്രശംസാര്‍ഹമായ വിജയം കൈവരിച്ചെന്ന് ദ ഇക്കണോമിസ്റ്റ്.  2018ല്‍ നിപാ വൈറസിനെ നേരിടുന്നതില്‍ കൈക്കൊണ്ട നടപടികളുടെ ആവര്‍ത്തനമാണ് കേരളത്തെ രക്ഷിച്ചതെന്നും ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഏറെ പണച്ചെലവില്ലാത്ത മാര്‍ഗങ്ങളിലൂടെയാണ് വിയറ്റ്‌നാമിനെപ്പോലെ കേരളവും രോഗത്തെ നേരിട്ടതെന്നും പ്രസിദ്ധീകരണം പറയുന്നു. മെയ് ഒമ്പതിന്റെ ലക്കത്തിലാണ് വാര്‍ത്തയുള്ളത്. 

ഊര്‍ജസ്സ്വലനായ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രസിദ്ധീകരണം ശ്ലാഘിക്കുന്നുണ്ട്. കാള്‍ സെന്ററുകള്‍, ക്വാറന്റൈന്‍ ചെയ്തവരെ ശ്രദ്ധിക്കാനുണ്ടാക്കിയ സംവിധാനങ്ങള്‍, സൗജന്യഭക്ഷണത്തിനും വൈദ്യചികിത്സക്കുമുള്ള സംവിധാനമുണ്ടാക്കിയത് എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. രാജ്യമെമ്പാടും ഉണ്ടായ ലോക്ക്ഡൗണ്‍ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വീടുകളില്‍ കഴിയുന്ന ആവശ്യക്കാര്‍ക്കും ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കിയതും എടുത്തുപറയുന്നുണ്ട്.   

ജനുവരി 24നാണ് കേരളത്തിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദ്യ കേസായിരുന്നു ഇതെന്നും ഇക്കണോമിസ്റ്റ് പറയുന്നു. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അഞ്ചിലൊന്നു കേസുകള്‍ കേരളത്തിലായിരുന്നു. ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനം പതിനാറാം സ്ഥാനത്തേക്കായി. ഇക്കാലയളവില്‍ ഇന്ത്യയില്‍ മൊത്തം കേസുകളുടെ എണ്ണം 71 ഇരട്ടിയായി. കേരളത്തിന്റേതാകട്ടെ മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തു. നാലു മരണങ്ങളേ ഉണ്ടായുള്ളൂ. കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചതിന്റെ ഇരുപതിരട്ടി ആളുകള്‍ വിദേശങ്ങളില്‍ മരിച്ചെന്നും ദ ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 3.5 മില്യണ്‍ മലയാളികളാണ് വിദേശരാജ്യങ്ങളില്‍ ജോലിക്കാരായുള്ളത്. 

കേരളത്തിനേക്കാള്‍ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള വിയറ്റ്‌നാം നേടിയത് സമാനമായ വിജയമാണെന്ന് പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം നേരിടുന്നതിന് സമാനമായ മാര്‍ഗങ്ങളാണ് ആ രാജ്യം സ്വീകരിച്ചത്. ഫലപ്രാപ്തിയാകട്ടെ അതിലേറെ സമാനതകളുള്ളതാണ്. കേരളത്തെ പോലെ നേരത്തെ തന്നെ വൈറസ് ബാധയുണ്ടായ വിയറ്റ്‌നാമില്‍ മാര്‍ച്ച് മാസത്തില്‍ വലിയതോതില്‍ രോഗം പടര്‍ന്നുപിടിച്ചിരുന്നു. എന്നാല്‍ ഇന്ന് വെറും 39 രോഗികള്‍ മാത്രമാണ് വിയറ്റ്‌നാമിലുള്ളത്. സമീപത്തുള്ള തായ്‌വാനിലും ന്യൂസീലാന്‍ഡിലും കോവിഡ് ബാധ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഫിലിപ്പൈന്‍സില്‍ ഇതിനകം തന്നെ 650 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. 

കേരളം നിപായെ നേരിട്ടപോലെ വിയറ്റ്‌നാമിന് 2003ല്‍ സാര്‍സിനെയും 2009ല്‍ പന്നിപ്പനിയെയും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രാഥമിക ആരോഗ്യമണ്ഡലത്തിലും പൊതുജനാരോഗ്യത്തിലുമുണ്ടായ പൊതുമുതല്‍മുടക്കാണ് രോഗത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമായതെന്ന് ദ ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ശക്തവും കേന്ദ്രീകൃതവുമായ മാനേജ്‌മെന്റ്,  ഗവണ്മെന്റിനും സ്ഥാപനങ്ങള്‍ക്കും ഗ്രാമങ്ങളില്‍ വരെ ഇടപെടാന്‍ കഴിയുന്നത്, ആതുരശുശ്രൂഷരംഗത്ത് വൈദഗ്ധ്യമുള്ളവരുടെ വലിയൊരു നിര എന്നിവയാണ് ഇരു പ്രദേശങ്ങളെയും ഒരുപോലെ സഹായിച്ചത്.  

ഇരു പ്രദേശങ്ങളിലും താരതമ്യേന ചെറുപ്പക്കാരാണ് കൂടുതലുള്ളതെന്ന വസ്തുതയും രോഗത്തെ മറികടക്കുന്നതിനു സഹായകമായിട്ടുണ്ടാകാമെന്ന് ഇക്കണോമിസ്റ്റ് ഊഹിക്കുന്നു. അതേസമയം ബിസിജി കുത്തിവയ്പ് വ്യാപകമായി നടന്നിട്ടുണ്ട് എന്നത് രോഗത്തെ തടുത്തുനിര്‍ത്തിയിരിക്കാം. അതേസമയം ടൊഡ് പൊള്ളാക് എന്ന ആരോഗ്യവിദഗ്ധനെ ഉദ്ധരിച്ച് പ്രസിദ്ധീകരണം ഉറപ്പിക്കുന്നത് നേരത്തെ തന്നെ കര്‍ശനനടപടികള്‍ കൈക്കൊണ്ട രാജ്യങ്ങള്‍ക്ക് വൈറസ് ബാധയെ പരിമിതപ്പെടുത്താനായി എന്നാണ്. എത്രയും വേഗം വൈറസ് ബാധ കുറച്ചുകൊണ്ടുവരുന്നുവോ വലിയ വളര്‍ച്ചയെ അത്രയും തടുത്തുനിര്‍ത്താന്‍ കഴിയും- പൊള്ളാക്കിനെ ഉദ്ധരിച്ച് പ്രസിദ്ധീകരണം പറയുന്നു. 
കേരളത്തിന്റെയും വിയറ്റ്‌നാമിന്റെയും വിജയകഥ പറയുമ്പോള്‍ ഇരു പ്രദേശങ്ങളിലുമുള്ള ഇടതുപക്ഷ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്ഥാനവും റിപ്പോര്‍ട്ടില്‍ ആനുഷംഗികമായി പരാമര്‍ശിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com